വയനാട്ടിൽ അന്തർദേശീയ ചക്കമഹോത്സവം

കല്‍പ്പറ്റ: ചക്കയുടെ ഉല്‍പ്പാദനം, മൂല്യവര്‍ധനം, വിപണനം എന്നിവ ലക്ഷ്യമിട്ട് അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ആഗസ്ത് ഒമ്പത് മുതല്‍ 14വരെ അന്തര്‍ദേശീയ ചക്കമഹോത്സവം. ചക്കമഹോത്സവത്തിലെ ശില്‍പ്പശാലയില്‍  എട്ടുരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
മലേഷ്യ, വിയറ്റ്‌നാം, ബംഗ്ലാദേശ്, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ  പതിനേഴിലധികം ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും.  മലേഷ്യയിലെ ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ് വര്‍ക്കിലെ ഡോ.മുഹമ്മദ് ദേശ ഹസീം, വിയറ്റ്‌നാമില്‍നിന്നുള്ള പ്രൊഫ. ഗുയെന്‍ മിന്‍ചാവു, ബംഗ്ലാദേശില്‍ നിന്നുള്ള പ്രൊഫ. എം എ റഹീം, ശ്രീലങ്കയില്‍നിന്നുള്ള  പ്രൊഫ. ഡി കെ എന്‍ ജി പുഷ്പകുമാര, കര്‍ണാടകയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ ഡോ.പ്രകാശ് പാട്ടീല്‍, തമിഴ്‌നാട്ടില്‍നിന്നുള്ള ഡോ.ബാലമോഹന്‍ തുടങ്ങിയര്‍ ചക്കയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികള്‍, വിളമെച്ചപ്പെടുത്തലുകള്‍, ചക്കയുടെ മൂല്യവര്‍ധനവും സംസ്‌കരണവും,  വാണിജ്യ ശൃംഖലകളുടെ രൂപീകരണം, പാക്കിങ്ങ്, നൈപുണ്യ വികസന ഏജന്‍സികള്‍ തുടങ്ങിയ മേഖലകളെ സംബന്ധിച്ചാണ് ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഇന്റര്‍നാഷണല്‍ ട്രോപ്പിക്കല്‍ ഫ്രൂട്ട്‌സ് നെറ്റ്‌വര്‍ക്ക്, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ചക്കമഹോത്സവം നടത്തുന്നത്.
ആഗസ്ത് 11ന് നടക്കുന്ന ചക്കമഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കും.
ചക്കയുടെ സമ്പൂര്‍ണ മൂല്യവര്‍ധന എന്ന വിഷയത്തില്‍ സ്ത്രീകള്‍ക്കായി ഒമ്പത് മുതല്‍ 13വരെ പരിശീലനം നല്‍കും
.കര്‍ഷക കൂട്ടായ്മകള്‍, കര്‍ഷക പ്രതിനിധികള്‍, നഴ്‌സറി പ്രതിനിധികള്‍, വിവിധ സംരംഭകര്‍ എന്നിവരുടെ 500 ഓളം സ്റ്റാളുകള്‍  തയ്യാറാക്കും.
13ന് രണ്ടായിരത്തോളം പേര്‍ക്ക് ചക്കയുടെ പതിനെട്ടോളം വിഭവങ്ങളടങ്ങിയ ചക്കസദ്യ ഒരുക്കും. ചക്ക വ്യവസായങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന യന്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. ചക്ക പ്രദര്‍ശനം, ചക്ക ഫോട്ടോഗ്രാഫി, ചക്ക കാര്‍വിങ്ങ്, ചിത്രരചന, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളും നടത്തും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News