പിയു ചിത്രക്കെതിരെ ഗൂഢാലോചനയെന്ന് പരിശീലകന്‍; ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചിത്ര ഹൈക്കോടതിയില്‍

പാലക്കാട്: ലോക അത്‌ലെറ്റിക്‌സ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ നിയമനടപടിയുമായി പിയു ചിത്ര. ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചിത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏഷ്യല്‍ ചാമ്പ്യന്‍നായ ചിത്രയെ ടീമിലുള്‍പ്പെടുത്താത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചിത്രയുടെ പരിശീലകന്‍ സിജിന്‍ മാസ്റ്റര്‍ പറഞ്ഞു.

ലണ്ടന്‍ വേദിയാകുന്ന ലോക അത്‌ലെറ്റിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ നിന്നാണ് മലയാളിയായ പിയു ചിത്രയെ തഴഞ്ഞത്. ലോക നിലവാരത്തിലുള്ള പ്രകടനം കാഴ്ച വെക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ചിത്രയ്ക്ക് അവസരം നിഷേധിച്ചത്. പിടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍, അഞ്ജു ബോബി ജോര്‍ജ്ജ് തുടങ്ങിയ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മറ്റിയാണ് ചിത്രയെ മത്സരത്തിനയക്കേണ്ടെന്ന തീരുമാനമെടുത്തത്.

യോഗ്യതാ മാര്‍ക്കില്ലെങ്കിലും വന്‍കര ചാമ്പ്യനായാല്‍ ലോക മീറ്റില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയും. എന്നാല്‍ യോഗ്യതാ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അതാത് രാജ്യത്തെ അത്‌ലെറ്റിക്‌സ് അസോസിയേഷനുകള്‍ക്ക് തീരുമാനമെടുക്കാമെന്ന മാനദണ്ഡമുപയോഗിച്ചാണ് മലയാളികളുള്‍പ്പെട്ട സെലക്ഷന്‍ കമ്മറ്റി ചിത്രയെ പുറത്താക്കിയത്. ടീം ലണ്ടനിലേക്ക് പുറപ്പെടാന്‍ ദിവസങ്ങള്‍ മാത്രമവശേഷിക്കെ സിലക്ഷന്‍ കമ്മറ്റി കൂടിയെടുത്ത തീരുമാനത്തിനെതിരെയാണ് ചിത്ര ഹൈക്കോടതിയെ സമീപിച്ചത്.

ഏഷ്യന്‍ മീറ്റിലെ മെഡല്‍ നേട്ടത്തിനു ശേഷം ലോക മീറ്റില്‍ പങ്കെടുക്കുന്നതിനായി ഊട്ടിയില്‍ പരിശീലനത്തിലായിരുന്നു ചിത്ര. ചിത്രയെ ടീമില്‍ നിന്നൊഴിവാക്കിയതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

1500 മീറ്ററില്‍ മത്സരിക്കുന്നതിന് ആരെയും സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തിട്ടില്ല. റിലേയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമുകള്‍ക്ക് യോഗ്യതാ മാര്‍ക്കില്ലാതിരുന്നിട്ടും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ചിത്രയെപ്പോലെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കായിക താരത്തിന് ലോകമീറ്റില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചതിനെതിരെ ഒരു വിഭാഗം കായികതാരങ്ങളും പരിശീലകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here