ദേശിയഗാനം മാത്രമല്ല ദേശസ്‌നേഹം; വന്ദേമാതരവും നിര്‍ബന്ധമാക്കി

ചെന്നൈ: ദേശീയഗാനത്തിനു പുറമെ വന്ദേമാതരവും തമിഴ്‌നാട്ടില്‍ നിര്‍ബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയാണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റ് വ്യവസായ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലല്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. എല്ലാദിവസവും ആലപിച്ചില്ലെങ്കിലും മാസത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും വന്ദേമാതരം ചൊല്ലണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

രാജ്യസ്‌നേഹം അതിപ്രധാനമാണെന്നു നിരീക്ഷിച്ച കോടതി തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇത് എല്ലാവരും മറക്കുകയാണെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വന്ദേമാതരം നിര്‍ബന്ധമാക്കുന്നതെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എം വി മുരളീധരന്‍ ചൂണ്ടികാട്ടി. രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ ഇത്തരം നിയമങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

തമിഴ്‌നാട് സ്‌കൂള്‍ അധ്യാപന തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ വന്ദേമാതരം ഏത് ഭാഷയിലാണ് എന്ന ചോദ്യത്തിന്, ബംഗാളി എന്ന് ഉത്തരമെഴുതിയിട്ടും തെറ്റിട്ടതിനെ ചോദ്യം ചെയ്ത് കെ വീരമണി എന്ന വ്യക്തി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ ഉത്തരവിട്ടത്. പരാതിക്കാരന്് ചോദ്യത്തിന്റെ ഒരു മാര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 90 മാര്‍ക്കായിരുന്നു സ്‌കൂള്‍ അധ്യാപനത്തിന് യോഗ്യത നേടാന്‍ വേണ്ടിയിരുന്നത്. 89 മാര്‍ക്കുണ്ടായിരുന്ന വീരമണിക്ക് ഇതോടെ യോഗ്യത നേടാനുമായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News