ശബരിമല വിമാനത്താവളം ആരുടെ ബുദ്ധി ?

പത്തനംതിട്ട: പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് വിമാന വേഗമേകി പത്തനംതിട്ട ജില്ലയുടേയും കോട്ടയം ജില്ലയുടേയും അതിര്‍ത്തിയില്‍ പുതിയ വിമാനത്താവളം സാധ്യമാക്കിയ ജനനായകന് അഭിനന്ദന പ്രവാഹം. മധ്യതിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴയുടെ കിഴക്കന്‍ മേഖല, കൊല്ലം ജില്ലയുടെ വടക്കന്‍ മേഖല എന്നിവ ഉള്‍പ്പെടുന്ന വിശാലമായ മലയോരമേഖല പുതിയ എയര്‍പോര്‍ട്ടിന്റെ തീരുമാനത്തില്‍ ഒന്നാകെ ആഹ്ളാദത്തിലാണ്. എയര്‍പോര്‍ട്ട് സാക്ഷാത്ക്കരിക്കുന്നതോടെ മലയോര നാടിന്റെ മുഖച്ഛായതന്നെ മാറുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

പ്രവാസികളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു പത്തനംതിട്ട ജില്ലയിലോ സമീപത്തോ ഒരു വിമാനത്താവളം എന്നത്. പാരിസ്ഥിതിക അനുമതി നിഷേധിക്കപ്പെട്ട് ആറന്മുള വിമാനത്താവളം എന്ന സ്വപ്‌നം ഇല്ലാതായതോടെ നീണ്ടനാളത്തെ ആഗ്രഹത്തിന് തിരശ്ശീല വീണു. പാരിസ്ഥിതിക പ്രശ്‌നങ്ങല്‍ക്ക് കോട്ടം വരാതെ ഒരു വിമാനത്താവളം മധ്യകേരളത്തില്‍ വേണം എന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് രാജു ഏബ്രഹാം എംഎല്‍എയാണ്.

ഇതിന്റെ ഭാഗമായാണ് അദ്ദേഹം നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. ചെറുവള്ളി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, കുമ്പഴ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും വിമാനത്താവളം ആകാം എന്ന നിര്‍ദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. അങ്ങേയറ്റം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത ചെറുവള്ളി എസ്റ്റേറ്റിനു തന്നെയാണ് മുന്‍ഗണന നല്‍കിയത്.

കുന്നുകള്‍ ഇടിച്ചു നിരത്തണം എന്നതാണ് ളാഹ, കുമ്പഴ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടിയായത്. ചെറുവള്ളി എസ്റ്റേറ്റിന് ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മണ്ണ് നിരപ്പാക്കിയാല്‍ മാത്രം മതി. പുതിയ വിമാനത്താവളത്തിന്റെ പ്രയോജനം പത്തനംതിട്ട, കോട്ടയം ജില്ലകള്‍ക്കു മാത്രമല്ല സമീപ ജില്ലകള്‍ക്കും ലഭിക്കും. ആറന്മുള വിമാനത്താവളം അപ്രസക്തമായപ്പോള്‍ പരിസ്ഥിതിക്ക് ഒരു വിധ കോട്ടവും സംഭവിക്കാതെ ഭൂമി ഏറ്റെടുക്കലിന് വലിയ നിയമനടപടികളോ കുടിയൊഴിപ്പിക്കലോ പ്രതിഷേധങ്ങളോ കൂടാതെ സ്ഥലം ലഭ്യമാകും എന്നതാണ് നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News