മെഡിക്കല്‍ അഴിമതിയില്‍ നേതാക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുമ്മനത്തിന്റെ കത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാനനേതൃത്വത്തെ പ്രതികൂട്ടിലാക്കിയിരിക്കുന്ന മെഡിക്കല്‍ കോഴ അഴിമതിയില്‍, പാര്‍ട്ടി നിലപാട് വ്യക്തമാക്കി BJP സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മെഡിക്കല്‍ കോഴ അഴിമതിയില്‍ പാര്‍ട്ടിയുടെ പേര് പറഞ്ഞ് തട്ടിപ്പിന് ഒരു BJP പ്രവര്‍ത്തകന്‍ ശ്രമിച്ചു എന്നത് വസ്തുതയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടി സ്വീകരിച്ചുവെന്നും കുമ്മനം രാജശേഖരന്‍ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇനിയും ചില ഇത്തിള്‍ക്കണ്ണികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും അവയെയും ഇല്ലാതാക്കുമെന്നും കുമ്മനം പ്രവര്‍ത്തകര്‍ക്ക് കത്തിലൂടെ ഉറപ്പുനല്‍കുന്നു. മെഡിക്കല്‍കോഴ അഴിമതിയുെട പേരില്‍ പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കുമ്മനം കത്തില്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതികൂട്ടിലാക്കിയിരിക്കുന്ന മെഡിക്കല്‍ കോഴ അഴിമതിയില്‍ BJP യില്‍ പൊട്ടിത്തെറിയുണ്ടായിട്ടും കോര്‍ കമ്മിറ്റിയോഗത്തില്‍ പാര്‍ട്ടിക്കെതിരെയും പ്രസിഡന്റിനെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടും ഇതുവരെയ്ക്കും പ്രതികരിക്കാതിരുന്ന പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇപ്പോള്‍ ആശുപത്രികിടക്കയിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലും പാര്‍ട്ടിമണ്ഡലം കമ്മിറ്റികളിലും കോഴ വിഷയം ചര്‍ച്ചയാവുകയും നേതാക്കള്‍ക്കെതിരെ വിമര്‍ശനവും ആക്ഷേവും വ്യാപകമാവുകയും ചെയ്തതാണ് കത്ത് അയയ്ക്കാന്‍ കുമ്മനത്തെ പ്രേരിപ്പിച്ചത്. കേന്ദ്ര ഭരണത്തിന്റെയും ബിജെപിയെന്ന വടവൃക്ഷത്തിന്റേയും തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണ്. അത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അവയെ പിഴുതെറിയുകയും ചെയ്തു.

ഇനിയും ചില ഇത്തിള്‍ക്കണ്ണികള്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും അവയെയും ഇല്ലാതാക്കുമെന്നും കുമ്മനം പ്രവര്‍ത്തകര്‍ക്ക് കത്തിലൂടെ ഉറപ്പുനല്‍കുന്നു. ഒരു ഏകാധിപത്യ പാര്‍ട്ടിയല്ലാത്തതിനാല്‍ അതിന് ജനാധിപത്യപരമായ ചില നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് മാത്രം. ആ കാലതാമസമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. അതിനാല്‍ ഇത് നിരാശപ്പെടേണ്ട കാര്യമിെല്ലന്നും കത്തില്‍ പറയുന്നു. ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ ചുവടുപിടിച്ച് ബിജെപി കേരളാ ഘടകം മുഴുവന്‍ അഴിമതിക്കാരും തട്ടിപ്പുകാരുമാണെന്ന് പ്രചരിപ്പിക്കുന്നവരെ നാം കരുതിയിരിക്കണം.
ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ഒരു അഴിമതിയല്ല. കേന്ദ്ര സര്‍ക്കാരിനോടോ ബിജെപിയോടോ ഇതിന് ബന്ധവുമില്ല. മറിച്ച് വ്യക്തിയധിഷ്ഠിതമായ ഒരു സാമ്പത്തിക തട്ടിപ്പ് ശ്രമമായിരുന്നു. അതിലെ പ്രധാന പങ്കാളികള്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു. എന്നാല്‍ അതിലുപരിയായ ഏതെങ്കിലും നടപടി സ്വീകരിക്കേണ്ടത് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥിതിയും ഭരണകൂടവുമാണെന്നും കുമ്മനം വ്യക്തമാക്കി.
ആരോപണ വിധേയനായ വ്യക്തിമൂലം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആര്‍ക്കെങ്കിലും അവിഹിതമായ നേട്ടം ഉണ്ടായിട്ടില്ല. പൊതു ഖജനാവിന് നഷ്ടവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് വിനിയോഗത്തെപ്പറ്റി പോലും ആരോപണം ഉയര്‍ത്തി വിടുന്നത് ഗൂ!ഢോദ്യേശത്തോടെയാണ്.വലിയ ഗൂഡാലോചനയുടെ ഫലമായാണ് നമുക്കെതിരെ വ്യാപകമായ പ്രചരണം നടക്കുന്നത്. എങ്ങനെയും ബിജെപിയെ തകര്‍ക്കണമന്ന് ചിന്തിക്കുന്നവരുടെ വലയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. അതോടൊപ്പം വ്യാജ പ്രചരങ്ങളില്‍ പെട്ട് അവിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാനും ഇടയാക്കരുതെന്നും കുമ്മനം കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News