അഴിമതിയില്‍ മുങ്ങി കേരള ബിജെപി; ബി എല്‍ സന്തോഷിനെ മാറ്റി മുഖംരക്ഷിക്കാനും നീക്കം; അന്വേഷണത്തിന് കേന്ദ്ര നേതൃത്വം

ദില്ലി: അഴിമതിയില്‍ മുങ്ങിയ സംസ്ഥാന ഘടകത്തെ ഉടച്ച് വാര്‍ത്ത് ആരോപണങ്ങള്‍ ഒതുക്കാന്‍ കേന്ദ്ര നേതൃത്യം തീരുമാനിച്ചു. നിയമസഭ തിരഞ്ഞടുപ്പ് ഫണ്ട് മുക്കിയ സംഭവത്തെകുറിച്ച് പ്രത്യേക അന്വേഷണം നടത്തും. ദേശിയ അധ്യക്ഷന്‍ അമിത് ഷാ ഉടന്‍ കേരളത്തില്‍ എത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് ബി.എല്‍ സന്തോഷിനെ ചുമതലയില്‍ നിന്നും ഒഴിവാക്കിയേക്കി മുഖം രക്ഷിക്കുന്നതിനെക്കുറിച്ചും അമിത് ഷായുടെ ഓഫീസ് ആലോചിക്കുന്നു.

അഴിമതി ആരോപണങ്ങള്‍ ദേശിയ നേതൃത്വത്തിലേയ്ക്ക് കൂടി നീണ്ട സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനുള്ള നടപടികള്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് കേരളത്തിന്റെ സംഘടനാ ചുമതലയുള ബി എല്‍ സന്തോഷിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നത്.

ബി എല്‍ സന്തോഷ്് മുരളിധര ഗ്രൂപ്പിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു എന്ന കൃഷ്ണദാസ് പക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് മാറ്റം. ഇത് വഴി കൃഷ്ണദാസ് ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. അതോടൊപ്പം കുമ്മനം രാജശേഖരനും കൃഷ്ണദാസ് പക്ഷവും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന തിരഞ്ഞെടുപ്പ് ഫണ്ട് അഴിമതി പ്രത്യേക സമിതി അന്വേഷിക്കും. അങ്ങനെ മുരളീധരപക്ഷത്തേയും ഒപ്പം കൂട്ടാന്‍ കഴിയും.

നിയമസഭാ തിരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം നല്‍കിയ വന്‍ തുക കേരള നേതാക്കള്‍ മുക്കിയതിനെക്കുറിച്ച് കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു. കോടി ക്കണക്കിന് രൂപയാണ് ഓരോ മണ്ഡലത്തിലും ചിലവഴിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് തുശ്ചമായ തുക മാത്രം. കുമ്മനം രാജശേഖന്‍ , കേന്ദ്ര നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്കായിരുന്നു തുക വിനിയോഗത്തിന്റെ ചുമതല. അവര്‍ ഇത് വരെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സഹായത്തിന് നിയോഗിക്കപ്പെട്ട ആര്‍ എസ് എസ് നേതാക്കളും ഫണ്ട് മുക്കാന്‍ കൂട്ട് നിന്നു.

അതോടൊപ്പം കേന്ദ്ര നേതൃത്യം അറിയാതെയാണ് പാര്‍ട്ടി ബന്ധം ഇല്ലാത്ത ഉപദേശകരെ കുമ്മനം നിയമിച്ചിത്. മെഡിക്കല്‍ കോളേജ് അഴിമതി പോലും കേന്ദ്ര നേത്യത്വത്തെ അറിയിക്കാതെ രഹസ്യമായി അന്വേഷണ നടത്തി. ഇതൊക്കെ അന്വേഷണ പരിധിയില്‍ വരും. ഇരു വിഭാഗത്തേയും അനുനയിപ്പിക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഒക്ടോബറില്‍ കേരളത്തില്‍ എത്താനാണ് അമിത് ഷാ നേരത്തെ നിശ്ചയിച്ചിരുന്നത്. അഴിമതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം നേരത്തെയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News