‘മുസ്ലീങ്ങളെ കൊല്ലണം, ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യരുത്’ സവര്‍ക്കര്‍ ചന്ദ്രശേഖര്‍ ആസാദിന് പണം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം:സ്വാതന്ത്ര സമരത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ ബ്രിട്ടീഷ് പ്രീണനം തുറന്നു കാട്ടി വീണ്ടും ചരിത്ര രേഖകള്‍. ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കിയ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മി (എച്ച്എസ്ആര്‍എ) ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാതിരുന്നാല്‍ പണം നല്‍കാമെന്ന് ഹിന്ദുമഹാസഭ നേതാവായിരുന്ന വി ഡി സവര്‍ക്കര്‍ വാഗ്ദാനം ചെയ്‌തെന്നാണ് രേഖകള്‍. എഴുത്തുകാരനായ യശ്പാലിന്റെ ‘സിംഗവലോകന്‍’ എന്ന ആത്മകഥയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് അവസാനിപ്പിക്കാനും മുഹമ്മദലി ജിന്നയേയും മറ്റ് മുസ്ലിംങ്ങളേയും കൊല്ലാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ 50,000 രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ആത്മകഥയില്‍ പറയുന്നത്.

ആര്‍എസ്എസ് സ്ഥാപകനും മുന്‍ എച്ച്എസ്ആര്‍എ അംഗവുമായ ഹെഡ്ഗവര്‍ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു എന്ന് ചന്ദ്രശേഖറിനും ഭഗത് സിംഗിനും അറിയാമായിരുന്നു. റാം പ്രസാദ് ബിസ്മിലിനെയും മറ്റുചില എച്ച്എസ്ആര്‍എ പ്രവര്‍ത്തകരെയും ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിയത് ഹെഡ്ഗവര്‍ ആണെന്ന് ഇവര്‍ക്ക് സംശയവുമുണ്ടായിരുന്നു. എച്ച്എസ്ആര്‍എ നേതാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ‘ബ്രിട്ടീഷ് കിങ്കരന്മാര്‍’ എന്നാണു വിളിച്ചിരുന്നത്.

ഭഗത് സിംഗിനെ അറസ്റ്റ് ചെയ്തതിനു ശേഷം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി ആസാദ് പണം കണ്ടെത്താന്‍ തീരുമാനിച്ചിരുന്നു. ഈ സമയത്താണ് സവര്‍ക്കര്‍ ആസാദിന് പണം വാഗ്ദാനം ചെയ്തത്. ‘നിങ്ങള്‍ ജിന്നയെയും മറ്റ് മുസ്ലിങ്ങളെയും കൊല ചെയ്യണം. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം അവസാനിപ്പിക്കുകയും വേണം. അങ്ങനെയെങ്കില്‍ അന്‍പതിനായിരം രൂപ നല്‍കാന്‍ എനിക്കാവും’ എന്നായിരുന്നു സവര്‍ക്കറിന്റെ വാഗ്ദാനം.

എന്നാല്‍ വളരെ രൂക്ഷമായിട്ടായിരുന്നു ഇതിനോട് ആസാദിന്റെ പ്രതികരണം. ‘ഇയാള്‍ തങ്ങളെ കാണുന്നത് വാടകകൊലയാളികളായിട്ടാണ്. സ്വാതന്ത്യസമര സേനാനികളായല്ല. ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് ഇയാള്‍ വഞ്ചിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതിന് ഞങ്ങളെന്തിന് മുസ്ലിങ്ങളെ കൊല്ലണം.’ ഇതായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ മറുപടി

ചന്ദ്രശേഖര്‍ ആസാദിന്റെ 111ാം ജന്‍മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തെ ഹിന്ദു പോരാളിയായി ഉയര്‍ത്തിക്കാട്ടി പ്രചരണങ്ങള്‍ നടത്തുകയാണ് സംഘപരിവാര്‍. ഈ സാഹചര്യത്തിലാണ് സവര്‍ക്കറുടെ ബ്രിട്ടീഷ് വിധേയത്വവും മുസ്ലിം വിരോധവും വെളിപ്പെടുത്ത ചരിത്ര രേഖകള്‍ ചര്‍ച്ചയാകുന്നത്.

ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍, നൗജവാന്‍ ഭാരത് സഭ, കീര്‍ത്തി കിസ്സാന്‍ പാര്‍ട്ടി എന്നീ സംഘടനകളുടെ സംഘാടകനും ബുദ്ധികേന്ദ്രവുമായിരുന്നു ചന്ദ്രശേഖര്‍ ആസാദ്. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആല്‍ഫ്രെഡ് പാര്‍ക്കില്‍ വച്ച് ആസാദ് പൊലീസിനാല്‍ വളയപ്പെടുകയും തുടര്‍ന്നു നടന്ന വെടിവെപ്പില്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News