വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തംതടവ്

കൊച്ചി: ചിന്നക്കനാല്‍ കൊല്ലറക്കല്‍ വീട്ടില്‍ സജി ജോസഫിനെ(45)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി ജി ശ്രീദേവി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനു പുറമെ അരലക്ഷം രൂപ പ്രതി പിഴയടക്കാനും കോടതി ഉത്തരവിട്ടു.

പിഴത്തുകയില്‍ 45000 രൂപ മാനഭംഗത്തിനിരയായ വീട്ടമ്മക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി പ്രതി ശിക്ഷ അനുഭവിക്കണം.കഴിഞ്ഞ വര്‍ഷം ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മ സമീപത്തെ അങ്കണവാടിയില്‍ കുട്ടിയെ കൊണ്ടുവിടാന്‍ പോയ നേരത്ത് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി പതുങ്ങി ഇരിക്കുകയായിരുന്നു. ഇതറിയാതെ വീട്ടില്‍ തിരിച്ചെത്തിയ വീട്ടമ്മയെ കടന്നുപിടിച്ച് അക്രമി വീട്ടമ്മയെമാനഭംഗപ്പെടുത്തുകയായിരുന്നു.

ചെറുത്തു നിന്ന വീട്ടമ്മയെ ഇടിച്ചു വീഴ്ത്തി ബോധ രഹിതയാക്കിയ ശേഷമായിരുന്നു മാനഭംഗം. വീട്ടമ്മ ആക്രമിയെ ചെറുക്കാന്‍ അടുക്കളയില്‍ ചെന്ന് എടുത്തു കൊണ്ടു വന്ന കത്തി പിടിച്ചു വാങ്ങിയ പ്രതി വീട്ടമ്മയുടെ കഴുത്തില്‍ കത്തി ചേര്‍ത്തു പിടിച്ച് വധഭീഷണിയും മുഴക്കിയിരുന്നു. സംഭവത്തിന് ശേഷം പ്രതി ഇറങ്ങിയോടി രക്ഷപ്പെട്ടിരുന്നു.

ഏറെ സമയത്തിന് ശേഷം ബോധം വീണ്ടെടുത്ത വീട്ടമ്മ തന്റെ മൊബൈല്‍ ഫോണില്‍ ഒടുവില്‍ വിളിച്ച നമ്പറിലേക്ക് വീണ്ടും വിരലമര്‍ത്തി ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. അങ്കണവാടിക്ക് സമീപമുള്ള മറ്റൊരു വീട്ടമ്മയുടെ നമ്പറായിരുന്നു അത്. അവര്‍ നാട്ടുകാരെ വിളിച്ചു കൂട്ടി ഓടിയെത്തിയപ്പോഴാണ് വീടിനകത്ത് നടുക്കുന്ന കാഴ്ച കണ്ടത്.

ശാന്തന്‍പാറ എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കണ്ടുപരിചയമില്ലാത്ത പ്രതിയുടെ രൂപസാദൃശ്യം വച്ചാണ് വീട്ടമ്മ ആളെ തിരിച്ചറിഞ്ഞത്. ദേവികുളം സി ഐയായിരുന്ന യൂനസാണ് തുടരന്വേഷണം നടത്തി കേസ് ചാര്‍ജ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷക്കു പുറമേ വീട്ടില്‍ അതിക്രമിച്ചു കടന്നതിന് ഐ പി സി 450 പ്രകാരം 6 വര്‍ഷം തടവും 10000 രൂപ പിഴയും അന്യായമായി തടങ്കലില്‍ വച്ചതിന് ഐ പി സി 341 പ്രകാരം ഒരു മാസം തടവും ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഐ പി സി 32 ബി പ്രകാരം ഒരു വര്‍ഷം തടവും പ്രതി അനുഭവിക്കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നഷ്ടപരിഹാര പദ്ധതി പ്രകാരം ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനും ജഡ്ജി
ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here