തിരുവനന്തപുരം: സംസ്ഥാനത്ത് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 122 സ്ഥാപനങ്ങള്‍ക്കെതിരെയും 74 വ്യാപാരികള്‍ക്കെതിരെയും കേസ്സെടുത്തു. എം.ആര്‍.പിയെക്കാള്‍ കൂടുതല്‍ വില, അളവ് തൂക്ക വ്യത്യാസം എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നല്‍ പരിശോധന. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

സംസ്ഥാന വ്യാപകമായി പൊതു മാര്‍ക്കറ്റുകള്‍, പച്ചക്കറി, കോഴി വില്‍പ്പന കേന്ദ്രങ്ങള്‍, വഴിയോര കച്ചവടകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. 122 സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസെടുത്ത് നടപടിയാരംഭിച്ചത്. മുദ്ര ചെയ്യാത്ത ത്രാസുകള്‍ ഉപയോഗിച്ചതിന് 74ഉം പായ്ക്കറ്റിന് പുറത്ത് രജിസ്‌ട്രേഷന്‍ എടുക്കാത്തതിന് 34ഉം അമിതവിലക്ക് 7ഉം വില തിരുത്തിയതിന് 5ഉം അളവ് കുറവിന് 2ഉം സ്ഥാപനങ്ങലിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സംസ്ഥാന വ്യാപകമായി 48ലധികം മാര്‍ക്കറ്റുകളില്‍ നിന്നായി ഇളവുതൂക്ക നിയമലംഘനം നടത്തിയ 74 വ്യാപാരികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ലീഗല്‍ മെട്രോളജി ദക്ഷിണ മേഖല ഡെപ്യൂട്ടി കമ്മീഷണര്‍ രത്തന്‍ രാജ് പറഞ്ഞു.
MRP യെക്കാല്‍ കൂടുതല്‍ വില ഈടാക്കുക, വില്‍പ്പന വില, അളവ് തൂക്കം എന്നിവയിലെ വ്യത്യാസം, ഭക്ഷണ പതാര്‍ത്ഥങ്ങളില്‍ നിര്‍മ്മാതാക്കളുടെ മേല്‍വിലാസം ഉള്‍പ്പെടുത്താതിരിക്കുക എന്നിവ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇനിയും പരിശോധന തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.