കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു; ചോദിച്ചത് ദിലീപും കാവ്യയും നടത്തിയ വിദേശയാത്രകളെക്കുറിച്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയേയും പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്യാമളയെ ചോദ്യം ചെയ്തത്.

2013ല്‍ ദിലീപും കാവ്യയും ഒരുമിച്ച് നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങളും ദിലീപും മഞ്ജുവും തമ്മിലുള്ള വിവാഹബന്ധം തകരാനിടയായതിനെ കുറിച്ചും അന്വേഷണസംഘം ചോദിച്ചറിഞ്ഞു. കാവ്യയെയും ഇന്നലെ പൊലീസ് ചോദ്യംചെയ്തിരുന്നു.

അതേസമയം, ചോദ്യംചെയ്യല്‍ സ്വാഭാവിക നടപടി മാത്രമാണെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല. കൂടുതല്‍ പേരെ ചോദ്യം ചെയ്യണോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരു സ്ത്രീയുടെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് നേരത്തെ ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ആ മാഡം കാവ്യയുടെ അമ്മയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here