കെ.ഇ മാമ്മന്‍ അന്തരിച്ചു; വിട വാങ്ങിയത് പ്രായം തളര്‍ത്താത്ത പോരാളി

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹികപ്രവര്‍ത്തകനുമായ കെ.ഇ. മാമ്മന്‍ അന്തരിച്ചു. 97 വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കഴിഞ്ഞ മൂന്നു വര്‍ഷമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം മൂര്‍ഛിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെ 11.13ന് ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

1921 ജൂലായ് 31നാണ് കെ.ടി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി കെ.ഇ.മാമ്മന്‍ ജനിച്ചത്. അവിവാഹിതനായ കെ.ഇ മാമ്മന്‍ സഹോദരന്‍ കെ.ഇ ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ് ഉമ്മനൊപ്പം തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം. പക്ഷാഘാതം കാരണം 2013 ഡിസംബര്‍ മുതലാണ് നെയ്യാറ്റിന്‍ക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിക്കിടക്കയിലായതിനാല്‍ കഴിഞ്ഞ രണ്ടു പിറന്നാളും ആഘോഷിച്ചത് ആശുപത്രിയിലായിരുന്നു.

ആശുപത്രിയിലായിരിക്കെ വിവിധ രാഷ്ട്രീയ നേതാക്കള്‍ മാമനെ സന്ദര്‍ശിച്ചിരുന്നു. രണ്ടുമാസം മുന്‍പ് വക്കം ഖാദര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതും ആശുപത്രിക്കിടക്കയിലായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം അനീതിക്കെതിരെയുള്ള പോരാട്ടം ജീവിതത്തില്‍ തുടര്‍ന്നു. മഹാത്മാ ഗാന്ധിജിയുടെ അടിയുറച്ച അനുയായിയായ മാമന്‍ തന്റെ ഒറ്റയാള്‍ പോരാട്ടങ്ങളിലുടെയാണ് തലസ്ഥാനത്ത് ശ്രദ്ധേയനായത്. പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ സമരമുഖങ്ങളില്‍ എന്നും കെഇ മാമന്‍ നിത്യസാന്നിധ്യമായിരുന്നു.

സ്വാതന്ത്ര്യ സമര സേനാനികളിലേറെയും സൈ്വര്യ ജീവിതം നയിച്ച് തിരശീലക്ക് പിന്നിലേക്ക് നീങ്ങിയപ്പോള്‍ ബന്ദിനും ഹര്‍ത്താലിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒറ്റായന്‍ സമരം നയിച്ചാണ് മാമ്മന്‍ തന്റെ സമരത്തുടര്‍ച്ചയുടെ പൊതുജീവിതവുമായി മുന്നോട്ടുപോയത്. അദ്ദേഹം സമകാലിക രാഷ്ട്രീയത്തെയും തെറ്റായ പ്രവണതകളെ ഒട്ടാകെയും മുഖം നോക്കാതെ എതിര്‍ത്തു, എതിര്‍ത്തുകൊണ്ടേയിരുന്നു ജീവിതാവസാനം വരെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here