വിവാദ കത്തിന്റെ ഉറവിടം തേടി ബിജെപി; സംസ്ഥാന നേതാക്കളും നിരീക്ഷണത്തില്‍

തിരുവനന്തപുരം: ബിജെപിയുടെ അഴിമതി കഥകള്‍ തുറന്നു കാട്ടുന്ന വിവാദ കത്തിന്റെ ഉറവിടം തേടി സംസ്ഥാന നേതൃത്വം രഹസ്യാന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളേജ് അഴിമതിയുടെ പേരില്‍ കളങ്കിതമായ ബിജെപി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുന്ന കത്തിന്റെ ഉറവിടത്തെ കുറിച്ച് കുമ്മനം രാജശേഖരനാണ് അന്വേഷണത്തിന് നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പാര്‍ട്ടിയുടെ പല സംഘടനാ രഹസ്യങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്ന പാര്‍ട്ടി സംസ്ഥാന നേതാക്കളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കോഴ പാര്‍ട്ടിയ്ക്കുള്ളിലും പാര്‍ട്ടി മണ്ഡലം കമ്മിറ്റികളിലും ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കൊണ്ട് വിവാദ കത്ത് പുറത്തുവന്നത്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച് പാര്‍ട്ടി നേതൃത്വം, തലകുനിച്ച് പ്രവര്‍ത്തകര്‍ പൊതുസമൂഹത്തില്‍ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന നേതാക്കള്‍ക്കു കത്ത് ലഭിച്ചിരുന്നു. സംസ്ഥാന നേതാക്കളുടെ പേര് പറയാതെ വ്യക്തമായ സൂചനകള്‍ നല്‍കുന്ന കത്തില്‍ കോടികളുടെ അഴിമതിക്കഥകളാണ് പറഞ്ഞിരിക്കുന്നത്. ആരോപണവിധേയര്‍ക്കെതിരേ കര്‍ശന നിലപാടെടുത്തില്ലെങ്കില്‍ ബൂത്ത് തലം മുതല്‍ സേവ് ബിജെപി ഫോറം എന്ന ബദല്‍ സംവിധാനം മുളപൊട്ടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. തിരുവനന്തപുരത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ വിസ്മരിച്ചു കൊണ്ട് കോടിക്കണക്കിന് രൂപയാണ് നേതാക്കള്‍ വാരിക്കൂട്ടുന്നത്.

സംഘടനയുടെ തലപ്പത്തെ പ്രചാരകന്‍മാര്‍ പോലും ഇതിന് കൂട്ടുനില്‍ക്കുന്നു. സംസ്ഥാന നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ കൊയ്ത്ത് നിര്‍ബാധം തുടരുന്നുവെന്നു പറയുന്ന വിവാദ കത്ത് വലിയ കോളിളക്കമാണ് പാര്‍ട്ടി സംസ്ഥാനനേതൃത്വത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. കൂനിന്‍ മേല്‍ കുരുപോലെ ആയ കത്തിന്റെ ഉറവിടത്തെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ രഹസ്യാന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തന്റെ വിശ്വസ്ഥനായ സഹപ്രവര്‍ത്തകനെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രതികൂട്ടിലായി പ്രതിഛായയ്ക്ക് തന്നെ മങ്ങല്‍ ഏറ്റിരിക്കുന്ന സമയത്ത് പുറത്തുവന്ന ഈ കത്ത് എതിരാളികള്‍ക്ക് ആയുധം കൊടുത്തതുപൊലെയായെന്നും കുമ്മനം വിലയിരുത്തി.

പാര്‍ട്ടി സംഘടനാ രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവരും ഇപ്പോള്‍ കുമ്മനത്തിന്റെയും ആര്‍എസ്എസ് നേതാക്കളുടെയും നിരീക്ഷണത്തിലാണ്. എന്നാല്‍ ഭാവിയില്‍ ബിജെപിയുടെ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന ഒരു നേതാവാണ് വിവാദ കത്തിന്റെ സൃഷ്ടാവെന്നാണ് ആര്‍എസഎസിന് ലഭിച്ചിരിക്കുന്ന വിവരം.

അതേസമയം, പാര്‍ട്ടിയില്‍ നിരവധി തവണ നടപടിക്ക് വിധേയനായ ആര്‍.എസ് വിനോദിനെ സഹകരണ സെല്‍ കണ്‍വീനര്‍ ആക്കിയത് ആരാണെന്ന ചോദ്യവും ബിജെപിയില്‍ പുകയുകയാണ്. ഇതില്‍ കുമ്മനത്തിനെ കുറ്റം പറഞ്ഞ് വി.മുരളീധരപക്ഷവും രംഗത്ത് എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News