
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരുവുകള്‍ പിന്നിട്ട് വീണ്ടും വീണ്ടും സംഭവബഹുലമായി മുന്നോട്ടുപോകുകയാണ്. പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ തുടങ്ങി ദിലീപിന്റെ കാരഗൃഹവാസത്തിലെത്തിയിട്ടും കേസന്വേഷണം നിര്‍ണായക നീക്കങ്ങളില്‍ തന്നെയാണ്. ദിലീപിന്റെ രണ്ടാം ഭാര്യ കാവ്യ മാധവനെയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്തുകഴിഞ്ഞതോടെ അപ്രതീക്ഷിത സംഭവ വികാസങ്ങളുണ്ടാകുമെന്നാണ് സൂചന.
കാവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്നും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം വ്യക്തമായ സൂചന നല്‍കിയിട്ടില്ല. കാവ്യയില്‍ നിന്നറിഞ്ഞ നിര്‍ണായക വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാന്‍ അന്വേഷണ സംഘം ശ്രദ്ധിക്കുന്നുണ്ട്. കാവ്യയ്‌ക്കെതിരായ നീക്കങ്ങളെല്ലാം അതീവ ജാഗ്രത പുലര്‍ത്തുന്നതായിരിക്കുമെന്നാണ് വ്യക്തമാകുന്നത്.
എന്തായാലും വരും ദിവസങ്ങളില്‍ കാവ്യയിലായിരിക്കും രാഷ്ട്രീയ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും. 1984 ല്‍ കാസര്‍ഗോട്ടെ നീലേശ്വരത്ത് ജനിച്ച കാവ്യ പിന്നീട് മലയാളക്കരയുടെ മനസ്സ് കീഴടക്കി പ്രിയനായികയായി മാറുകയായിരുന്നു. 7 ാം വയസ്സില്‍ ജയറാമിന്റെ പൂക്കാലം വരവായ് എന്ന ചിത്രത്തില്‍ ബാല താരമായാണ് വെള്ളിത്തിരയില്‍ ചുവടുവെച്ചത്.
8 വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപിന്റെ നായികയായി ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ മലയാളക്കരയില്‍ ചിരപ്രതിഷ്ഠ നേടി. 25 വര്‍ഷം നീണ്ട സിനിമാ ജിവിതത്തിനിടയില്‍ പ്രതിസന്ധികളും വെല്ലുവിളികളും എന്നും കാവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. സന്തോഷവും സങ്കടവും ഇടകലര്‍ന്ന ജീവിതത്തില്‍ മലയാളികളുടെ സ്‌നേഹമായിരുന്നു പലപ്പോഴും കാവ്യയ്ക്ക് തണലായിരുന്നത്. ആദ്യ വിവാഹത്തില്‍ കല്ലുകടിയുണ്ടായതോടെ വിവാഹമോചനത്തിന് അധിക കാലം വേണ്ടിവന്നില്ല.
പിന്നീട് ഒറ്റയ്ക്ക് ജീവിച്ചപ്പോഴെല്ലാം ചാനലുകളിലൂടെ തന്റെ വേദനയും സങ്കടവും പങ്കുവെയ്ക്കാന്‍ കാവ്യ മറന്നില്ല. അപ്പോഴെല്ലാം കാവ്യയ്‌ക്കൊപ്പം മനസ്സുകൊണ്ട് കൂടെനിന്ന മലയാളികള്‍ ദിലീപുമായുള്ള വിവാഹത്തെ അത്ര കണ്ട് പ്രോത്സാഹിപ്പിച്ചില്ല. താന്‍ കാരണം പേരുദോഷം കേട്ട പെണ്‍കുട്ടിക്ക് ജീവിതം നല്‍കുന്നതാണെന്ന ദിലീപിന്റെ വാദവും മലയാളക്കര ഏറ്റെടുത്തില്ല. വീട്ടുകാരേയും സ്വപ്‌നം പോലത്തെ സിനിമാ ജിവിതവും ഉപേക്ഷിച്ച് കൂടെയിറങ്ങിവന്ന മഞ്ജുവിന്റെ വേദന കാണുന്നില്ലെയെന്നായുരുന്നു ചോദ്യം.
അഭിനയിച്ച സിനിമകളില്‍ ഏറെയും നായകനായി വന്ന ദിലീപിനെ സ്വന്തമാക്കിയിട്ടും കാവ്യയുടെ കഷ്ടകാലം മാറിയിട്ടില്ല. ഇന്ന് സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റത്തിന് ദിലീപ് ഇരുമ്പഴി എണ്ണികിടക്കുമ്പോള്‍ കാവ്യയുടെ ഭാവിയുടെ തുലാസിലാണ്. അമ്മയ്‌ക്കൊപ്പം ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലെല്ലാം ശത്രുസംഹാര പുജയുമായി കറങ്ങിയിട്ടും പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു കഴിഞ്ഞു. കാവ്യയില്‍ നിന്ന് കിട്ടിയ തെളിവുകള്‍ കേസന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നുറപ്പായിട്ടുണ്ട്. കാവ്യയുടെ കയ്യിലും കയ്യാമം വീഴുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here