കൊച്ചി കപ്പല്‍ നിര്‍മാണശാല സ്വകാര്യവല്‍ക്കരിക്കില്ല; മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: കൊച്ചി കപ്പല്‍ നിര്‍മാണശാല ഒരു കാരണവശാലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ ബുധനാഴ്ച കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. കപ്പല്‍ശാലയുടെ 25 ശതമാനം ഓഹരികള്‍ മാത്രമേ സ്വകാര്യമേഖലയ്ക്ക് കൈമാറു എന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കൈമാറുന്ന 25 ശതമാനത്തില്‍ തൊഴിലാളികള്‍ക്കും എല്‍ഐസി പോലുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പങ്ക് നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് ഗഡ്കരി അറിയിച്ചു.

കപ്പല്‍ശാലയില്‍ 2000 കോടി രൂപ മുതല്‍മുടക്കില്‍ ഡ്രൈ ഡോക്ക് ഉള്‍പ്പെടെയുളള വികസന പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 5000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഓഹരി വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന തുക കപ്പല്‍ശാലയുടെ തന്നെ വികസനത്തിന് ഉപയോഗിക്കുമെന്നും അതിനാല്‍ 25 ശതമാനം ഓഹരി വില്‍ക്കാനുളള തീരുമാനവുമായി തൊഴിലാളി യൂണിയനുകള്‍ സഹകരിക്കണമെന്നും ഗഡ്കരി പറഞ്ഞു.

കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍ വീരാജ്‌പേട്ട വഴി മൈസൂരിലേക്കുളള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. കേരളത്തിന്റെ ദേശീയപാത വികസനം സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ബുധനാഴ്ച കാലത്താണ് ഡല്‍ഹിയില്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയായി തത്വത്തില്‍ അംഗീകരിക്കുകയാണെന്നും ബാക്കി നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കാലവര്‍ഷത്തില്‍ നശിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് കേരളം ആവശ്യപ്പെട്ട 400 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഇതില്‍ 180 കോടി രൂപ അടിയന്തിരമായി അനുവദിക്കുകയും ചെയ്തു. കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി മുതല്‍ ചെങ്ങള വരെയും ചെങ്ങള മുതല്‍ കാലിക്കടവ് വരെയുമുളള റോഡിന് സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം ഉടനെ ലഭ്യമാക്കും. 1000 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതിയാണിത്. സപ്തംബറില്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും 2018 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്യും.

കോഴിക്കോട് ബൈപാസ് (28 കിമി) നാലുവരിയാക്കുന്ന പ്രവൃത്തിക്ക് അടുത്ത മാസം ടെണ്ടര്‍ വിളിക്കും. കാലിക്കടവ് മുതല്‍ മുഴുപ്പിലങ്ങാട് വരെ 64 കിമി പാതയുടെ രൂപരേഖ അടുത്ത ദിവസം അംഗീകരിച്ചിട്ടുണ്ട്.

മഴ കൂടുതലുളള കേരളത്തില്‍ കോണ്‍ക്രീറ്റ് റോഡുകളാണ് അഭികാമ്യമെന്ന് ഗഡ്കരി പറഞ്ഞു. ചെലവ് കൂടുമെങ്കിലും കോണ്‍ക്രീറ്റ് റോഡുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. കോണ്‍ക്രീറ്റ് റോഡിലേക്ക് മാറാന്‍ കേരളം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ദേശീയപാതകളുടെ വികസനം സമയബന്ധിതമായി നടപ്പാക്കുമെന്ന് ഗഡ്കരി ഉറപ്പുനല്‍കി. ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയാല്‍ കേന്ദ്ര സഹായം ലഭിക്കുന്നതിന് തടസ്സമോ കാലതാമസമോ ഉണ്ടാകില്ല. ഒരു പദ്ധതിക്കു വേണ്ട 60 ശതമാനം ഭൂമി ഏറ്റെടുത്തെങ്കിലേ ടെണ്ടര്‍ ക്ഷണിക്കാന്‍ കഴിയൂ. ദേശീയപാതയ്ക്കുളള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് തിരുവനന്തപുരത്ത് പ്രത്യേക സെല്‍ ആരംഭിക്കുമെന്നും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന് അതിന്റെ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുളള വഴിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മേല്‍പ്പാത നിര്‍മിക്കുന്ന പ്രവൃത്തി പ്രത്യേകമായി ചെയ്യാമെന്ന് ഉറപ്പു നല്‍കി.

ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പ് വേഗത്തില്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു. 45 മീറ്ററില്‍തന്നെ ചില മേഖലകളില്‍ ആറുവരി റോഡ് പണിയാനാണ് ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here