ദില്ലി: ഗോരക്ഷയുടെ പേരില്‍ ഉള്‍പ്പെടെ അക്രമം നടത്തുന്ന സ്വകാര്യ സേനകളെ നിരോധിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് സിപിഐഎം. ജിഎസ്ടി സാധാരണ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണെന്നും ദില്ലിയില്‍ ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മറ്റി വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കും എതിരെ രാജ്യവ്യാപക പ്രക്ഷേഭം ശക്തിപ്പെടുത്തും. ഇരുത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ഏപ്രില്‍ മാസത്തില്‍ ഹൈദരാബാദില്‍ ചേരാനും കേന്ദ്ര കമ്മറ്റി തീരുമാനിച്ചു.
രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ സിപിഐഎം കേന്ദ്രക്കമ്മറ്റി കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭ പ്രചരണ പരിപാടികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഓഗസ്റ്റ് 15 മുതല്‍ 31 വരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചിലവിന്റെ അമ്പത് ശതമാനത്തിലധികം ലാഭം ലഭിക്കുന്ന തരത്തില്‍ താങ്ങുവില ഉറപ്പ് വരുത്താന്‍ നിയമനിര്‍മ്മാണം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. വനിതാ സംവരണ ബില്‍ ഉടന്‍ പാസ്സാക്കണം. ഗോരക്ഷയുടെയും സദാചാരത്തിന്റയും പേരില്‍ ആര്‍എസ്എസ് തണലില്‍ വളരുന്ന സ്വകാര്യസേനകളെ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം. ജിഎസ്ടി സാധാരണ ജനങ്ങളുടെയും ചെറുകിട വ്യാപാരികളുടെയും മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് വിലയിരുത്തിയ കേന്ദ്രകമ്മറ്റി അനാവശ്യനികുതികള്‍ ഒഴിവാക്കി നികുതി ഘടന പരിഷ്‌കരിക്കണെമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പ്രത്യേക നിയമം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിലെ ഒഴിവുവരുന്ന രാജ്യസഭ സീറ്റില്‍ പ്രതിപക്ഷം പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കും. അല്ലാത്തപക്ഷം ഇടതുപക്ഷം സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് പരിഗണിക്കും. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ഏപ്രില്‍ മാസത്തില്‍ ഹൈദരാബാദില്‍ ചേരാനും കേന്ദ്ര കമ്മറ്റി തീരുമാനിച്ചു.

Get real time update about this post categories directly on your device, subscribe now.