സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകില്ല; കേന്ദ്രസര്‍ക്കാര്‍

ദില്ലി: സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വകാര്യതയക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ലെന്നും കേന്ദ്രം.പാവപ്പെട്ടവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിനാണ് ആധാര്‍ എന്നും ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ കേന്ദ്രം അവകാശപ്പെട്ടു.കേസില്‍ നാളെയും വാദം തുടരും.

സ്വകാര്യത മൗലിക അവകാശമാണോയെന്ന വിഷയത്തില്‍ വാദം കേള്‍ക്കവെയാണു കേന്ദ്രം നിലപാട് അറിയിച്ചത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്കു നേരിട്ട് എത്തിക്കാനാണ് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് ആധാറിനെതിരെയുളള ഹര്‍ജികള്‍ പരിഗണിച്ചത്.

സ്വകാര്യത എന്നത് സ്വാതന്ത്ര്യത്തിന്റെ ഒരു വകഭേദമാണ്. ഇതു ജീവിക്കാനുള്ള അവകാശത്തിനു കീഴെയാണു വരുന്നത്. പാവപ്പെട്ടവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിനാണ് ആധാര്‍. ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള ഉള്‍പ്പെടെയുള്ളവയ്ക്കാണ് ആധാര്‍, കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു. അതേസമയം, സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നു നാല് ബിജെപി ഇതര സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. കര്‍ണാടകയും ബംഗാളും പഞ്ചാബും പുതുച്ചേരിയുമാണു കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണു നാലു സംസ്ഥാനങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News