പി യു ചിത്രയുടെ അനുഭവം ഇനി ഒരു താരങ്ങള്‍ക്കും ഉണ്ടാവരുതെന്ന് മാതാപിതാക്കള്‍

പാലക്കാട്: ലോക മീറ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട പിയു ചിത്രയുടെ അനുഭവം ഇനി ഒരു താരങ്ങള്‍ക്കും ഉണ്ടാവരുതെന്ന് മാതാപിതാക്കള്‍. പാവപ്പെട്ടവരായതു കൊണ്ടാണോ ചിത്രയ്ക്ക് അവസരം നിഷേധിച്ചതെന്നും മാതാപിതാക്കള്‍ ചോദിക്കുന്നു. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ കുടുംബം പുലര്‍ത്താനാവശ്യമായ വരുമാനം കണ്ടെത്തുന്നതിനായി നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും.

പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് പീപ്പിള്‍ ടി വി സംഘം ചിത്രയുടെ മാതാപിതാക്കളെ കാണാനെത്തിയത്. കര്‍ക്കിടകത്തിനും മേലെ കത്തിനില്‍ക്കുന്ന വെയിലിനേക്കാളും ഉരുകുന്ന മനസ്സുമായി പറളി തലപ്പൊറ്റയിലെ ഒരു വീട്ടില്‍ നിര്‍മാണ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും. എഷ്യന്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയിട്ടും മകള്‍ക്ക് അവസരം നിഷേധിച്ച അധികൃതരോട് പിതാവ് ഉണ്ണികൃഷ്ണന്‍ കണ്ണീരോടെ ചോദിക്കുന്നതിങ്ങനെ.
അവസരം നഷ്ടപ്പെട്ടതറിഞ്ഞ് ചിത്ര വിളിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്തതിനെക്കുറിച്ച് പറയാന്‍ അമ്മ വസന്തകുമാരിക്ക് വാക്കുകളില്ല. വര്‍ഷങ്ങളോളം ഇങ്ങിനെ കഠിനാധ്വാനം ചെയ്ത് കണ്ണീരും വിയര്‍പ്പൊഴുക്കിയാണ് പിയു ചിത്രയെന്ന ഇന്നറിയുന്ന കായിക താരത്തെ ഇവര്‍ വളര്‍ത്തിയെടുത്തത്.

നാട്ടുകാരുടെയും കായികാധ്യാപകരുടെയും പിന്തുണയില്‍ ജീവിതത്തിലെ പ്രതിസന്ധികളെ മുണ്ടൂരിലെ കല്ലും മണ്ണും നിറഞ്ഞ വഴികളിലൂടെ ഓടിയോടി തോല്‍പിച്ചാണ് ചിത്ര വളര്‍ന്നത്. അതിനാല്‍ പ്രതിസന്ധികളെ മറികടന്ന് അവള്‍ ഇനിയും മുന്നേറുമെന്ന് വേദനയ്ക്കിടയിലും ഈ മാതാപിതാക്കള്‍ ഉറച്ച് വിശ്വസിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News