ദിലീപുമായി അടുത്തബന്ധം; റിമി ടോമിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന യു എസ് ഷോയെക്കുറിച്ച് പൊലീസ് ചോദിച്ചറിഞ്ഞു. 2010ലും 2017 ലും നടത്തിയ യു എസ് ട്രിപ്പുകളില്‍ റിമി ടോമി പങ്കെടുത്തിരുന്നു. പ്രധാനമായും ഇതേക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുമാണ് പൊലീസ് ചോദിച്ചറിഞ്ഞത്.

കേസിലെ ഗൂഢാലോചനകുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ദിലീപുമായി റിമി ടോമിക്ക് അടുത്തബന്ധമാണുള്ളത്. ഇരുവരും തമ്മില്‍ നിരവധി റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുമുണ്ടെന്നും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെയറിഞ്ഞുവെന്നും ഇതിനു ശേഷം ആരെയെല്ലാം വിളിച്ചുവെന്നും പൊലീസ് ചോദിച്ചു.

ആഴ്ചകള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമി ടോമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും ഉദ്യോഗസ്ഥസംഘം കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി ടോമി നടിയുമായി അകലുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മനസിലായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമി ടോമിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News