
കൊച്ചി:കേരളത്തില്‍ ആണ്‍കുട്ടികളും സുരക്ഷിതരല്ല. ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ ലൈംഗികാതിക്രമത്തിനിരയായ ആണ്‍കുട്ടികള്‍ 29.5 ശതമാനമാണ്. പെണ്‍കുട്ടികളില്‍ 6.2 ശതമാനമാണ് ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത്. രാത്രിയോ പകലോ എന്നില്ലാതെ ആണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടുകയാണ് നമ്മുടെ ഈ കൊച്ചു കേരളത്തില്‍.
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലൈംഗികാതിക്രമമടക്കം മോശം പെരുമാറ്റത്തിന് ഇരയാകുന്നത് കൂടുതലും ആണ്‍കുട്ടികളെന്നാണ് കണ്ടെത്തല്‍. എന്നാല്‍ സമൂഹമൊട്ടാകെ ചര്‍ച്ച ചെയ്യുന്നത് പെണ്‍കുട്ടികള്‍ക്ക് മേലുള്ള അതിക്രമങ്ങള്‍ മാത്രം. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് തൃശ്ശൂരില്‍ നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് ശാസ്ത്രമാസികയായ എല്‍സെവീര്‍ പ്രസിദ്ധപ്പെടുത്തി.
ഒരുവര്‍ഷത്തിനിടെ 83.4 ശതമാനം ആണ്‍കുട്ടികള്‍ക്കുനേരേയും ശാരീരിക അതിക്രമമുണ്ടായി. പെണ്‍കുട്ടികള്‍ക്കിത് 61.7 ശതമാനമാണ്. തെരഞ്ഞെടുത്ത 6682 കുട്ടികളെ (4242 ആണും 2440 പെണ്ണും) പങ്കാളികളാക്കി. പരിശീലനം ലഭിച്ച അധ്യാപകരുടെയും മറ്റും സഹായത്തോടെ കുട്ടികളെ തിരിച്ചറിയാത്തവിധമായിരുന്നു ചോദ്യാവലി.
ഇത്രയധികം കുട്ടികള്‍ പങ്കാളികളായ സര്‍വേ മുന്‍പ് നടന്നിട്ടില്ല. ബ്രിട്ടനിലെ സ്റ്റാഫഡിലെ സെയ്ന്റ് ജോര്‍ജ്സ് ആശുപത്രിയിലെ ഡോ. മനോജ് കുമാര്‍ തേറയില്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. സെബിന്ദ് കുമാര്‍, ബ്രിട്ടനിലെ വോള്‍വെര്‍ഹാംപ്ടണ്‍ സര്‍വകലാശാല മെന്റല്‍ ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. സുരേന്ദ്ര് പി. സിങ്, വോള്‍വെര്‍ഹാംപ്ടണിലെ ബ്ലാക്ക് കണ്‍ട്രി പാര്‍ട്ട്ണര്‍ഷിപ്പ് എന്‍.എച്ച്.എസ്. ഫൗണ്ടേഷനിലെ നില്‍മാധബ് കാര്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്ന വ്യക്തികള്‍.
കുട്ടികള്‍ക്ക് വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുണ്ടാകുന്ന അതിക്രമങ്ങള്‍ അവരില്‍ ആഴത്തില്‍ മുറിവുണ്ടാക്കും. അവരുടെ അന്തസ്സിനെ, വ്യക്തിത്വത്തെ ബാധിക്കും. ആണ്‍കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ സഹിക്കാന്‍ പാകത്തില്‍ മാനസികശക്തിയുള്ളവരാകണമെന്നില്ല. അതുകൊണ്ട് ഇത്തരക്കാര്‍ അക്രമത്തിലേക്കും ലഹരിയിലേക്കും മറ്റും തിരിയാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിലെ മുന്നറിയിപ്പ്.
ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചയാവുന്നില്ല എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷയും നിയമ സുരക്ഷയും ഇനി ആണ്‍കുട്ടികള്‍ക്കും നല്‍കിയേ മതിയാവു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here