നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആര്; പ്രതികരണവുമായി റിമി ടോമി പീപ്പിള്‍ ടി വിയില്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം താനാണെന്നതടക്കമുള്ള വാര്‍ത്തകളോട് റിമി ടോമി കൈരളി പീപ്പിള്‍ ടി വി യോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റിമിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പീപ്പിള്‍ ടി വിയോട് വെളിപ്പെടുത്തലുമായി പ്രശസ്ത ഗായിക രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്‌തെന്ന് റിമി തുറന്നു സമ്മതിച്ചു.

എന്നാല്‍ നടന്‍ ദിലീപുമായോ, കാവ്യ മാധവനുമായോ സാമ്പത്തിക ഇടപ്പാടില്ലെന്നും റിമി ടോമി വ്യക്തമാക്കി. ദിലീപിനോടൊപ്പം പങ്കെടുത്ത രണ്ട് അമേരിക്കന്‍ ഷോകളെ പറ്റി അറിയുന്നതിന് വേണ്ടിയാണ് പൊലീസ് തന്നെ ഫോണില്‍ ബന്ധപ്പെട്ടതെന്നും താരം വിശദീകരിച്ചു.

ദിലീപുമായി രണ്ട് അമേരിക്കന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. അല്ലാതെ ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ല. 2010ലെയും 2017ലെയും അമേരിക്കന്‍ പരിപാടികളെ കുറിച്ചായിരുന്നു അന്വേഷണ സംഘം പ്രധാനമായും ചോദ്യം ചെയ്തത്. ഇതില്‍ ആദ്യ പരിപാടിയില്‍ ആക്രമണത്തിനിരയായ നടി, ദിലീപ്, കാവ്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഷോയില്‍ പങ്കെടുത്തവരെ പറ്റിയെല്ലാം വിശദമായി പൊലീസ് ചോദിച്ചറിഞ്ഞെന്നും റിമി വ്യക്തമാക്കി.
വിവരങ്ങള്‍ അറിയാന്‍ വേണ്ടിയാണ് പൊലീസ് തന്നെ ബന്ധപ്പെട്ടതെന്നും അല്ലാതെ എന്തെങ്കിലും തരത്തില്‍ സംശയമുള്ളതുകൊണ്ടല്ലെന്നും റിമി പറയുന്നു. അത്തരത്തില്‍ സംശയമുണ്ടെന്ന് പൊലീസ് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് അറിയുന്നതെന്നും റിമി വിവരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കേസുമായി ബന്ധമുള്ള മാഡമാക്കി തന്നെ അവതരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അവര്‍ ആരോപിച്ചു. ഇത്തരം നീക്കത്തില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും റിമി പറഞ്ഞു.

ക്രൂരമായ ഒരു കാര്യത്തിനും ഇതുവരെയും കൂട്ടുനിന്നിട്ടില്ല. സുഹൃത്തെന്ന നിലയിലാണ് നടി അക്രമിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിച്ചതെന്നും റിമി വിശദമാക്കി. നടി അക്രമിക്കപ്പെട്ട വാര്‍ത്ത അറിയുന്നത് മാധ്യമങ്ങളില്‍ നിന്നായിരുന്നെന്നും നടിയും താനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അവര്‍ പീപ്പിളിനോട് പറഞ്ഞു.

അനാവശ്യമായ വിവാദങ്ങളിലേക്ക് പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്. നികുതിയടക്കാന്‍ മറന്ന് പോയതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്നതല്ലാതെ ഒരു തെറ്റും ഇതുവരെയും ചെയ്തിട്ടില്ല. അധികൃത സാമ്പത്തിക ഇടപാടുണ്ടായിരുന്നെങ്കില്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടുപിടിക്കാമായിരുന്നെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍ പൊലീസിന് പൊരുത്തക്കേടുണ്ടെന്ന പ്രചരണം തെറ്റാണെന്നും റിമി പീപ്പിള്‍ ടി വിയോട് പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പൊലീസ് ഫോണിലൂടെ ചോദ്യം ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ പ്രമുഖ നടന്‍ ദിലീപും കാവ്യാമാധവനുമായി റിമി ടോമി സംസാരിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here