നിതീഷ് കുമാറിനെ തളളിപ്പറഞ്ഞ് വീരേന്ദ്രകുമാര്‍; ജെഡിയുവില്‍ ഭിന്നത രൂക്ഷം

ദില്ലി: ബിജെപി പാളയത്തിലേക്ക് പോയ നിതീഷ് കുമാറുമായുള്ള ബന്ധം ജെഡിയു കേരളഘടകം  ഉപേക്ഷിച്ചതായി എം പി വീരേന്ദ്ര കുമാര്‍. നിതീഷിന്റെ നേതൃത്വം അംഗീകരിക്കുന്നില്ലെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി. വേണ്ടി വന്നാല്‍ രാജ്യസഭാ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് ശരത് യാദവുമായി കൂടിക്കാഴ്ച നടത്തിയ വീരേന്ദ്ര കുമാര്‍ കേരള ഘടകത്തിന്റെ നിലപാട് അറിയിച്ചു.
ഫാസിസത്തെ ചെറുക്കാനും മതേതരത്വം സംരക്ഷിക്കാനുമുള്ള പാര്‍ട്ടി തീരുമാനം നീതീഷ് കുമാര്‍ അട്ടിമറിച്ചുവെന്ന് വീരേന്ദ്ര കുമാര്‍ കുറ്റപ്പെടുത്തി. മഹാസഖ്യം തകര്‍ത്തുകൊണ്ടുള്ള നിതീഷ് കുമാറിന്റെ കൂറുമാറ്റം ഞെട്ടിച്ചു. നീതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ നിലകൊള്ളാന്‍ പാര്‍ട്ടി എംപിമാരോട് ആവശ്യപ്പെടും.
ബിജെപിയുടെ ഹിന്ദുത്വ പ്രത്യശാസ്ത്രം ഒരിക്കലും അംഗീകരിക്കാനാകില്ല. ഒരു വിട്ടുവീവ്ചയ്ക്കും തയ്യാറല്ലെന്നും ഫാസിസത്തിനെതിരായ പോരാട്ടത്തിനായി രാജ്യസഭാംഗത്വം രാജിവയ്ക്കാന്‍ വരെ തയ്യാറാണെന്നും വീരന്ദ്ര കുമാര്‍  പറഞ്ഞു.
ഓഗസ്റ്റ് അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങി പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി. ശരത് യാദവുമായുള്ള കൂടിക്കാഴ്ചയില്‍ വീരേന്ദ്ര കുമാര്‍ കേരള ഘടകത്തിന്റെ നിലപാട് അറിയിച്ചു. രാവിലെ വീരേന്ദ്ര കുമാറിന്റെ വസതിയില്‍ എത്തിയാണ് ശരത് യാദവ് കൂടിക്കാഴ്ച്ച നടത്തിയത്.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here