ഇനി കാര്യം സാധിക്കാം, മടിയില്ലാതെ

കോഴിക്കോട്: നഗരത്തിലെ പൊതു ഇടങ്ങളില്‍ സ്ഥാപിച്ച ഇ-ടോയ്ലെറ്റുകള്‍ ഉപയോഗപ്രദമാകും വിധം മറയ്ക്കാന്‍ കോര്‍പ്പറേഷന്‍ നടപടിയെടുക്കുന്നു. പൊതു ഇടങ്ങളില്‍ റോഡിനഭിമുഖമായി വാതിലുകളുള്ള ഇ-ടോയ്ലെറ്റ് ഉപയോഗിക്കാനാകില്ലെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പകുതി മറയൊരുക്കിയാണ് ടോയ്ലെറ്റുകള്‍ സ്ഥാപിച്ചത്.

എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവനായും മറയൊരുക്കി സൗകര്യപ്രദമാകും വിധം ഇ-ടോയ്ലെറ്റ് സംവിധാനം സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കോര്‍പ്പറേഷന്‍ നടപടി കൈക്കൊള്ളുന്നത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കപ്പെട്ട ഇ-ടോയ്ലെറ്റുകള്‍ അധികമാരും ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് നശിച്ച് പോകാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് കോര്‍പ്പറേഷന്റെ നടപടി. ഇതിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്ത് ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശം കൂടി പരിഗണിക്കാനാണ് കോര്‍പ്പറേഷന്‍ ആരോഗ്യ സമിതിയുടെ തീരുമാനം. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

ആറു വര്‍ഷം മുമ്പാണ് നഗരത്തില്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഇറാം സയന്റിഫിക് സൊല്യൂഷന്‍ എന്ന കമ്പനി 15 ഇ-ടോയ്ലറ്റുകള്‍ സ്ഥാപിച്ചത്. നാണയത്തുട്ടുകള്‍ ഇട്ട് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ടോയ്ലെറ്റാണ് സ്ഥാപിച്ചത്. എന്നാല്‍ ഉപയോഗിക്കുന്ന രീതിയിലെ ആശയക്കുഴപ്പം വിവിധ ഇടങ്ങളില്‍നിന്ന് പരാതി ഉയരാന്‍ കാരണമായി. തുടര്‍ന്ന് സാധാരണ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്ന രീതിയിലേയ്ക്ക് ഇ-ടോയ്ലറ്റിന്റെ പ്രവര്‍ത്തനം മാറ്റി.

എങ്കിലും പൊതു ഇടങ്ങളിലായതിനാല്‍ ഇ-ടോയ്ലറ്റ് ഉപയോഗിക്കാന്‍ ആളുകള്‍ മടി കാണിച്ചതോടെ ഇ-ടോയ്ലെറ്റുകള്‍ നോക്കുക്കുത്തികളാകുന്ന അവസ്ഥയായി. 15 ഇ-ടോയ്ലറ്റുകളില്‍ ഏഴെണ്ണം പുതിയതും ബാക്കിയുള്ളവ 2016 ല്‍ നവീകരിച്ചതുമാണ്. മാനാഞ്ചിറ സ്‌ക്വയര്‍, മുതലക്കുളം, ഒയിറ്റി റോഡ്, മെഡിക്കല്‍കോളേജ്, ബേപ്പൂര്‍, അരീക്കാട്, പാവങ്ങാട്, കാരപ്പറമ്പ്, ലോറിസ്റ്റാന്‍ഡ്, ബീച്ച് എന്നിവിടങ്ങളിലാണ് ഇ-ടോയ്ലറ്റുകളുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News