മോദിയുമായി ചേര്‍ന്നുള്ള നിതീഷിന്റെ ഗൂഢാലോചനയാണ് മുന്നണി മാറ്റമെന്ന് ലാലുവും രാഹുല്‍ ഗാന്ധിയും

ദില്ലി: ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായെങ്കിലും മുന്നണി മാറ്റം വിശദീകരിക്കാന്‍ നിതീഷ്‌കുമാറിന് ഏറെ കഷ്ടട്ടപ്പെടേണ്ടി വരും. മോദിയുമായി ചേര്‍ന്നുള്ള നിതീഷിന്റെ ഗൂഡാലോചനയാണ് മുന്നണി മാറ്റമെന്ന് ലാലു പ്രസാദ് യാദവും രാഹുല്‍ഗാന്ധിയും കുറ്റപ്പെടുത്തി. അതേ സമയം ബീഹാറിലെ രാഷ്ട്രീയ നീക്കങ്ങളില്‍ 27 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് ചേക്കേറുമോയെന്ന് സംശയമുണ്ട്. തിരക്കിട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു.

ബിജെപിയുമായി ചേര്‍ന്ന് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത് മഹാസഖ്യത്തിലെ ബാക്കി രണ്ട് കക്ഷികളായ ആര്‍ജെഡിയേയും കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കിയെങ്കിലും, ബീഹാറികള്‍ക്ക് മുമ്പില്‍ നിലപാട് വ്യക്തമാക്കാന്‍ നിതീഷിന് ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും. തിരഞ്ഞെടുപ്പിന് മുമ്പ് ലാലു-നിതീഷ് സഖ്യത്തെ സംശയത്തോടെ കണ്ട ബീഹാറുകാര്‍, പക്ഷെ വോട്ടെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും സഖ്യത്തിനുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചു.

ബീഹാറില്‍ ബിജെപി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്നുമൊക്കെ പറഞ്ഞ് അവസാന നിമിഷം അമിത് ഷാ വര്‍ഗീയത കത്തിക്കാന്‍ ശ്രമിച്ചതൊക്കെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. ഗോ സംരക്ഷണ പരസ്യമൊക്കെ പത്രത്തില്‍ നല്‍കിയെങ്കിലും ബിജെപി വെറും 53 സീറ്റില്‍ മാത്രം ഒതുങ്ങി. ഈ പശ്ചാലത്തില്‍ നിന്ന് വേണം നിലപാട് മാറ്റം നിതീഷ് ഇനി വിശദീകരിക്കേണ്ടി വരിക. അതേ സമയം കോണ്‍ഗ്രസിന്റെ 27 എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായുള്ള ആശങ്ക എഐസിസി നേതൃത്വത്തിനുണ്ട്.

അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒന്നടങ്കം ബിജെപിയിലേയ്ക്ക് ചേക്കേറിയിരുന്നു. അതിനാല്‍ ജനറല്‍ സെക്രട്ടറി സിപി ജോഷി എംഎല്‍എമാരുമായി നിരന്തരം ബന്ധപ്പെടുന്നു. പലര്‍ക്കും കേന്ദ്ര നേതൃത്വത്തോട് വിയോജിപ്പുണ്ട്. അതേ സമയം നിതീഷ് കുമാര്‍ അവസരവാദിയെന്നാരോപിച്ച് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രംഗത്ത് എത്തി. നിധീഷ് നടത്തിയ മദ്യനിരോധനം പ്രഹസനമായിരുന്നുവെന്നും അദേഹം ആരോപിച്ചു. ബിജെപിയുമായി നിതീഷ് ഗൂഡാലോചന നടത്തുന്ന വിവരം നേരത്തെ അറിയാമായിരുന്നുവെന്ന് രാഹുല്‍ഗാന്ധിയും വെളിപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here