നിതീഷ് കുമാര്‍ മന്ത്രിസഭ ത്രിശങ്കുവില്‍; നിര്‍ണായക നീക്കങ്ങളുമായി രാഹുലും ശരത് യാദവും

പട്‌ന: അപ്രതീക്ഷിത നീക്കങ്ങളിലൂടെ രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ കഴിയുമ്പോള്‍ മന്ത്രിസഭ താഴെ വീണേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മോദിക്കെതിരായ മതേതര മുന്നണിയില്‍ നിന്ന് മോദി പക്ഷത്തെത്തിയ നീതീഷിനെതിരെ പാര്‍ട്ടിയില്‍ വിയോജിപ്പ് ശക്തമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാസഖ്യത്തില്‍ വിള്ളലുണ്ടാക്കികൊണ്ട് ബി ജെ പിക്ക് കീഴടങ്ങിയ നിതീഷിനെതിരെ പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍ പടയൊരുക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ അനുകൂലിക്കുന്ന നേതാക്കളുടേയും എം.പിമാരുടെയും യോഗം ശരദ് യാദവ് അടിയന്തരമായി വിളിച്ചിട്ടുണ്ട്. ശരത് യാദവിന്റെ സമ്മതത്തോടുകൂടിയാണ് പാര്‍ട്ടിയുടെ കേരള ഘടകം നേതാവ് എം പി വിരേന്ദ്രകുമാര്‍ നിതീഷിനെതിരെ വിമര്‍ശനമുന്നിയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
നിതീഷ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ശരദ് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം എം.പിമാരുടെ യോഗം വിളിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് ദില്ലിയിലാണ് യോഗം. വീരേന്ദ്രകുമാറടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും. നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശരദ് യാദവ് പങ്കെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നീതീഷ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനിരിക്കെ ശരദ് യാദവ് വിളിച്ചിരിക്കുന്ന യോഗത്തിന് പ്രാധാന്യം ഏറെയാണ്. ശരത് യാദവിനോട് ആലോചിക്കാതെയാണ് നിതീഷ് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം.

243 അംഗ നിയമസഭയില്‍ നിതീഷിന്റെ ജെ ഡി യു വിന് 71 എം എല്‍ എ മാരാണുള്ളത്. ബി ജെ പിക്കാകട്ടെ 58 അംഗങ്ങളാണുള്ളത്. ഇരു പാര്‍ട്ടികള്‍ക്കും കൂടി 129 എം എല്‍ എ മാരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷമായ 122 നെക്കാള്‍ 7 സീറ്റ് അധികമുണ്ടെങ്കിലും ശരത് യാദവിനൊപ്പം എത്ര എം എല്‍ എ മാര്‍ നിലയുറപ്പിക്കുമെന്നത് നിര്‍ണായകമാണ്. അതിനിടെ കോണ്‍ഗ്രസ് എം എല്‍ എ മാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ബി ജെ പിയും സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News