തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായികയും അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. റിമി ടോമി നല്‍കിയ ചില മറുപടികളില്‍ പൊരുത്തക്കേടുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി റിമിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു? ഇതിന് ശേഷം ആരെ വിളിച്ചു? ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പ്രധാനമായും റിമിയോട് ചോദിച്ചത്. ദിലീപുമൊത്തുള്ള വിദേശ ഷോകളുടെ വിശദാംശങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു.
അതേസമയം, ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നുമില്ലെന്നും എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയേനെയെന്നും റിമി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് കാവ്യ മാധവനെ വിളിച്ചിരുന്നു. എന്നാല്‍ ദിലീപിനെ വിളിച്ചിട്ടില്ലെന്നും റിമി മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയും റിമി ടോമിയും നേരത്തെ അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവാര്യര്‍ അറിഞ്ഞത് നടിയുടെ ഇടപെടല്‍ കൊണ്ടാണെന്ന് വിശ്വസിച്ച റിമി ടോമി നടിയുമായി അകലുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗൂഢാലോചനയിലും റിമി ടോമിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here