‘മലയാളികളെ പൊട്ടന്‍മാരാക്കമെന്ന് കരുതരുത്’; പിടി ഉഷയോട് അത്‌ലറ്റിക് ഫെഡറേഷന്‍

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പിടി ഉഷയ്‌ക്കെതിരെ കേരള അത്‌ലറ്റിക് അസോസിയേഷന്‍ രംഗത്ത്. മലയാളികളെ പൊട്ടന്‍മാരാക്കാമെന്ന് ഉഷ കരുതരുത് എന്നും ചിത്രയെ ഒഴിവാക്കിയതിലെ ഇരട്ടത്താപ്പ് ഫെഡറേഷനെ ബോധ്യപ്പെടുത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

സെലക്ഷന്‍ കമ്മിറ്റി മാനദണ്ഡം ലംഘിച്ചത് ഉഷ ചൂണ്ടിക്കാട്ടിയില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു. സര്‍ക്കാരിന്റ നിരീക്ഷക എന്ന നിലയിലുളള ഉത്തരവാദിത്തം ഉഷ നിറവേറ്റിയില്ല. മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നും അസോസിയേഷന്‍ സെക്രട്ടറി പിഐ ബാബു പറഞ്ഞു.

അതേസമയം, ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയുടെ ഗൂഢാലോചനയുണ്ടെന്ന് സെലക്ഷന്‍ കമ്മറ്റി അധ്യക്ഷന്‍ ജി.എസ് രണ്‍ധാവ പറഞ്ഞു. ഉഷ ഉള്‍പ്പെടുന്ന സമിതിയാണ് ചിത്രയെ ഒഴിവാക്കിയതെന്ന് രണ്‍ധാവ വെളിപ്പെടുത്തി. പി.ടി ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും തന്റെ മാത്രം തീരുമാനം അല്ലായിരുന്നെന്നും രണ്‍ധാവ വ്യക്തമാക്കി.

ഇതിനിടെ, ചിത്രയെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിലക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ വിശദാംശങ്ങളും വെള്ളിയാഴ്ച അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചിത്രയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News