മോത്തിഹാരിയില്‍ നിന്ന് കവര്‍ച്ചാസംഘം കേരളത്തില്‍; തലസ്ഥാനത്തുനിന്ന് കവര്‍ന്നത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ മൊബൈല്‍ ഷോപ്പിലാണ് ലക്ഷങ്ങളുടെ കവര്‍ച്ച നടന്നത്. രാത്രിയുടെ മറവില്‍ 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയും അന്തര്‍സംസ്ഥാന സംഘം കടത്തുകയായിരുന്നു. ബീഹാര്‍ നേപ്പാള്‍ അതിര്‍ത്തിയിലെ മോത്തിഹാരി സ്വദേശികളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

ഷോറൂമിലെ വിലപിടിപ്പുളള ഫോണുകള്‍ മാത്രമാണ് സംഘം കവര്‍ന്നത്. ആപ്പിള്‍ ഫോണുകള്‍ അനുബന്ധ സാമഗ്രികളുള്‍പ്പെടെ കവര്‍ന്ന സംഘം സാംസങ്, ഓപ്പോ എന്നീ ഫോണുകള്‍ മാത്രമായാണ് എടുത്തത്. മൊബൈല്‍ ഫോണുകള്‍ കവര്‍ന്നശേഷം കവറുകള്‍ ഉപേക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്.

തിരുവനന്തപുരത്ത് ഓവര്‍ ബ്രിഡ്ജിനടുത്തുള്ള സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുന്ന കവര്‍ച്ചാസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏഴംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. മോഷ്ടാക്കള്‍ക്ക് സമീപത്തുകൂടി പൊലീസ് ജീപ്പ് കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒരാഴ്ചയായി കേരളത്തില്‍ പലയിടത്തും മൊബൈല്‍ കടകളില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്ന് പോലീസ് കരുതുന്നു. എറണാകുളം പാലാരിവട്ടത്ത് ഈ മാസം 22ന് 18 ലക്ഷത്തിന്റേയും കൊല്ലത്ത് 24ന് 13 ലക്ഷത്തിന്റെയും സമാന രീതിയില്‍ മോഷണം നടന്നിരുന്നു.

കവര്‍ന്ന ഫോണുകള്‍ അതിര്‍ത്തിവഴി നേപ്പാളിലേക്ക് കടത്തുകയാണ് സംഘത്തിന്റെ രീതി. അതിനാല്‍ ഐഎംഇഎ നമ്പര്‍ ഉപയോഗിച്ച് തൊണ്ടി മുതല്‍ കണ്ടെത്താനാകില്ലെന്ന് പൊലീസ് കരുതുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിഭാഗം മൊബൈല്‍ ഷോപ്പില്‍ പരിശോധന നടത്തി. സംഘത്തിന് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News