
ദില്ലി: ബിജെപിക്കൊപ്പം പോയ നിതീഷ് കുമാറിനെതിരെ ജെഡിയുവില്‍ വിമത നീക്കം. പാര്‍ട്ടിയോട് ആലോചിക്കാതെ നിതീഷ് എടുത്ത വ്യക്തിപരമായ തീരുമാനമാണെന്ന് മുതിര്‍ന്ന നേതാവ് ശരത് യാദവിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ യോഗം ചേര്‍ന്ന നിതീഷ് വിരുദ്ധ പക്ഷം ആരോപിച്ചു.
നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവു കൂടിയായ ശരത് യാദവ് പങ്കെടുത്തില്ല. നിതീഷിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച ശരത് യാദവ് ദില്ലിയിലെ വസതിയില്‍ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. എംപിമാരായ അലി അന്‍വര്‍ അന്‍സാരി, എംപി വീരേന്ദ്ര കുമാര്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കുമാര്‍, ജാവേദ് റസാഖ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നിതീഷ് വ്യക്തിപരമായി എടുത്ത തീരുമാനത്തിന് ഒപ്പം നില്‍ക്കില്ലെന്നും രണ്ട് ദിവസത്തിനകം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും യോഗത്തിനു ശേഷം വിമത നേതാക്കള്‍ പറഞ്ഞു.
രാവിലെ ശരത് യാദവുമായി കൂടിക്കാഴ്ച നടത്തിയ വീരേന്ദ്രകുമാര്‍ കേരള ഘടകത്തിന്റെ നിലപാട് അറിയിച്ചു. ഫാസിസത്തെ എതിര്‍ക്കാനും മതേതരത്തം സംരക്ഷിക്കാനുമുള്ള പാര്‍ട്ടി തീരുമനം നീതീഷ് അട്ടിമറിച്ചുവെന്ന് വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി. ഫാസിസത്തിനെതിരായ പോരാട്ടത്തിനായി രാജ്യസഭാഗത്വം രാജിവയ്ക്കാന്‍ തയ്യാറാണെന്നും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.
കേരളത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ശരത് യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തി. കൂടുതല്‍ നേതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശരത് യാദവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here