‘ബെമല്‍’ വില്‍പനയും കൊച്ചി കപ്പല്‍ശാലയെ തകര്‍ക്കാനുള്ള നീക്കവും ഉപേക്ഷിക്കണം; ആനത്തലവട്ടം

രാജ്യത്തെ സൈന്യത്തിന് ടെട്ര ടെക്സ് വാഹനങ്ങളും റോക്കറ്റ് ലോഞ്ചറും നിര്‍മ്മിച്ചു നല്‍കുന്ന ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിനെ (ബെമല്‍) സ്വകാര്യമേഖലയ്ക്ക് തീറെഴുതരുതെന്നും കൊച്ചി കപ്പല്‍ശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റു തുലയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ജനങ്ങളുടെ പൊതുസ്വത്താണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമേഖലയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാന വാഹനങ്ങളും ആയുധവും നിര്‍മിക്കുന്ന 50,000 കോടി രൂപ വിലമതിക്കുന്ന ‘ബെമല്‍’ എന്ന മിനി നവരത്നകമ്പനിയെ വെറും 518.44 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. മേക്കിങ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ച് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ്.

രാജ്യത്ത് വിവിധയിടങ്ങളിലായി 4191 ഏക്കര്‍ ഭൂമി ബെമലിന് സ്വന്തമായുണ്ട്. ബംഗളൂരു, കോലാര്‍, ചെന്നൈ, മൈസൂര്‍, ഡല്‍ഹി, മുംബൈ, പൂനെ, റാഞ്ചി, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലെല്ലാം ഭൂമിയുണ്ട്. 33,170 കോടി രൂപയാണ് ഈ ഭൂമിയുടെ ആകെ വിപണിമൂല്യം. കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ ഇത് വെറും 92 കോടി രൂപയാണ്. ‘ബെമലി’ന് കേരളത്തില്‍ പാലക്കാടുള്ള ഭൂമി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ച സംസ്ഥാന ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ നിശ്ചയിച്ചിരിക്കുന്ന വിലയ്ക്ക് സംസ്ഥാനം ആ ഭൂമി ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ധനമന്ത്രി അറിയിച്ചത്.

ബെമലിന്റെ ആകെ ഭൂമിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന വില പാലക്കാട്ടെ ഭൂമി മാത്രം വിറ്റാല്‍ ലഭിക്കും. അത്ര വിലപിടിപ്പുള്ള ഭൂമിയാണ് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ തീറെഴുതുന്നത്. ഇതിനെതിരെ രാജ്യത്താകെ അതിശക്തമായ പ്രതിഷേധം ഉയരണം. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതോടൊപ്പം ബെമല്‍ വില്‍പനയിലെ കള്ളക്കളികള്‍ ലോക്സഭയില്‍ ചോദ്യോത്തരത്തിലൂടെ പുറത്തു കൊണ്ടുവന്ന എം ബി രാജേഷ് എംപിയെയും അഭിനന്ദിക്കുന്നു.

എക്കാലവും ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പൊതുമേഖലാസ്ഥാപനമാണ് കൊച്ചി കപ്പല്‍ നിര്‍മാണശാല. ഈ സ്ഥാപനത്തെയും തകര്‍ക്കാനാണ് നീക്കം. നിര്‍മാണ ചുമതലകളില്‍ നിന്നും കപ്പല്‍ശാലയെ ഒഴിവാക്കി പകരം റിലയന്‍സിനെയും എല്‍ ആന്‍ഡ് ടിഎയും ഏല്‍പ്പിക്കുകയാണ്. സര്‍വീസിലിരിക്കുമ്പോള്‍ കൊച്ചി കപ്പല്‍ശാലയ്ക്കെതിരെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെ പിന്നീട് എല്‍ ആന്‍ഡ് ടി കമ്പനിയുടെ തലപ്പത്ത് നിയമിച്ചിരിക്കുന്നതുമായി ഇത് കൂട്ടി വായിക്കണം.

എകെജിയുടെ നേതൃത്വത്തില്‍ 1972ല്‍ കേരളമാകെ അണിനിരന്ന് നേടിയെടുത്തതാണ് ഈ സ്ഥാപനം. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ ശേഷിയുണ്ടെന്നിരിക്കെയാണ് നിര്‍മാണജോലികളും മറ്റും സ്വകാര്യ കോര്‍പറേറ്ററുകള്‍ക്ക് കൊടുക്കുന്നത്. നാവികസേനയുടെ ലാന്‍ഡിങ് പ്ലാറ്റ്ഫോംഡോക്ക് നിര്‍മാണത്തിന്റെ ചുമതല കൊച്ചി കപ്പല്‍ശാലയ്ക്ക് നല്‍കിയിരുന്നുവെങ്കില്‍ മികച്ച നേട്ടം കൈവരിക്കാമായിരുന്നു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെ നിസാര വിലയ്ക്ക് വിറ്റു തുലയ്ക്കുന്ന മോദി സര്‍ക്കാരിന്റെ നയം തിരുത്തിക്കാന്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News