ദിലീപ് കുമരകത്ത് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍; റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് കൈമാറി

കോട്ടയം: കുമരകത്ത് നടന്‍ ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ദിലീപ് വാങ്ങി മറിച്ച് വിറ്റ ഭൂമിയില്‍ പുറമ്പോക്ക് ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും ആയതിനാല്‍ കയ്യേറ്റം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2007ലാണ് കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ പെടുന്ന 190-ാം സര്‍വ്വേ നമ്പറിലെ കായല്‍ പുറമ്പോക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമി ദിലീപ് വാങ്ങുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മറിച്ച് വില്‍ക്കുകയും ചെയ്തു. ഈ ഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന പരാതിയുയര്‍ന്നപ്പോള്‍ സെന്റിന് 70,000 രൂപയ്ക്ക് വാങ്ങിയ മൂന്നു ഏക്കര്‍ 31 സെന്റ്ഭൂമി സെന്റിന് നാലു ലക്ഷത്തി 80,000 രൂപയ്ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സര്‍വ്വേ ഉദ്യോഗസ്ഥരും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയത്.

കായല്‍ പുറമ്പോക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയാണെങ്കിലും ഇവിടെ കയ്യേറ്റം നടന്നിട്ടില്ലെന്നാണ് ഇവര്‍ കണ്ടെത്തിയത്. ദിലീപ് ഭൂമി മറിച്ച് വിറ്റിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇവിടെ നടന്നിട്ടില്ല. ഏത് നിലയിലായിരുന്നുവോ ഭൂമി അതേ സ്ഥിതിയിലാണെന്നും പരിശോധനയില്‍ കണ്ടെത്തി.

തുടര്‍ന്നാണ് ദിലീപ് കയ്യേറ്റം നടത്തിയതായി കാണാന്‍ സാധിക്കില്ലെന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News