അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചനയെന്ന് കോടിയേരി; സിപിഐഎം പ്രവര്‍ത്തകര്‍ പ്രകോപനങ്ങളെ കരുതിയിരിക്കണം

തിരുവനന്തപുരം: സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാറിന്റെ ഇത്തരം പ്രകോപനങ്ങളെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോടിയേരി പറയുന്നു:

ആര്‍എസ്എസ് ബിജെപി ക്രിമിനലുകള്‍ മകന്‍ ബിനീഷിന്റെ വീടിന് നേരെ അക്രമം നടത്തി. കാറിനും കേടുപാടുണ്ടാക്കി. പുലര്‍ച്ചെ 3.55നാണ് കല്ലും ബിയര്‍ കുപ്പികളും ഉപയോഗിച്ച് അക്രമം നടത്തിയത്. മക്കളേയും പേരക്കുട്ടികളെയും കാണാനും അവരോടൊപ്പം കഴിയാനും ചില ദിവസങ്ങളില്‍ ഞാന്‍ ഇവിടെ തങ്ങാറുണ്ട്. അത് മനസിലാക്കിയാണ് ആര്‍ എസ് എസ് ബി ജെ പി ക്രിമിനലുകള്‍ ആക്രമണം നടത്തിയത്. ഇന്നലെ കണ്ണൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ അക്രമണം നടക്കുന്ന സമയത്ത് ഞാന്‍ ഇവിടെയുണ്ടായിരുന്നില്ല.

ആര്‍ എസ് എസ് ബി ജെ പി ക്രിമിനലുകള്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി വ്യാപകമായി വീടുകള്‍ക്ക് നേരെ ആക്രമണം നടത്തി. സിപിഐ എം ജില്ലാകമ്മറ്റിയംഗം പുഷ്പലത, കരമന ഹരി, ചാല ഏരിയാ സെക്രട്ടറി എസ് എ സുന്ദര്‍, ഡി വൈ എഫ് ഐ നേതാവ് ഐ പി ബിനു തുടങ്ങിയവരുടെ വീടുകളും കാറുകളുമൊക്കെ ആര്‍ എസ് എസ് ബി ജെ പി ക്രിമിനലുകള്‍ എറിഞ്ഞ് തകര്‍ത്തു.

കഴിഞ്ഞ ദിവസം സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ കാട്ടാക്കട ശശിയുടെ വീടാണ് ആക്രമിച്ചത്. ആര്‍ എസ് എസ് ബി ജെ പി നേതൃത്വം ഇതെന്ത് ഭാവിച്ചാണ്‍ അവര്‍ നടത്തിയ അഴിമതികളും കുംഭകോണങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നത് തടയാനും വിഷയം മാറ്റാനുമാണ് ഇത്തരത്തില്‍ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്നത്. ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ട് എന്നതുറപ്പാണ്.

ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങാമെന്നും തുടര്‍ന്ന് ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ഇരവാദം പറഞ്ഞ് നടക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ആര്‍ എസ് എസ് ബി ജെ പി നേതൃത്വമുള്ളത്. സഖാക്കള്‍ ഇത്തരം പ്രകോപനങ്ങളെ കരുതിയിരിക്കണം. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ ആര്‍ എസ് എസ് ബി ജെ പി ക്രിമിനലുകളെ കയറൂരി വിട്ട് അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന സംഘപരിവാറിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News