അഴിഞ്ഞാടി ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍; കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം; തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം മരുതം കുഴിയിലെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ മുന്നു മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലകളും വിടിന്റെ മുന്നില്‍ നിര്‍ത്തിയിച്ചിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ തിരഞ്ഞുപിടിച്ച് ആക്രമണം തുടരുകയാണ്.

സിഐടിയു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ കാട്ടാക്കട ശശിയുടെ വീട് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ആക്രമിച്ചത്. പൂവച്ചല്‍ മുളമൂട് ജങ്ഷനിലെ വീടിന് ബൈക്കിലെത്തിയെ മൂന്നംഗ ആര്‍എസ്എസ് സംഘം കല്ലെറിയുകയായിരുന്നു. ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്നുപേരും ബൈക്കില്‍ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.

സിപിഐഎം ചാല ഏരിയ സെക്രട്ടറി എസ്എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാള്‍ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാര്‍, സ്‌കൂട്ടര്‍ എന്നിവ ആദ്യം തകര്‍ത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ വീടിന്റെ മുന്‍വാതില്‍ കമ്പിപ്പാര, വാള്‍ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണിയുടെ ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ മറ്റൊരു സംഘം ആര്‍എസ്എസുകാരെത്തി ആക്രമണം തുടങ്ങി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. മുന്‍ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകര്‍ത്തു. വിവരമറിഞ്ഞ് പാര്‍ട്ടി ചാല ഏരിയ സെക്രട്ടറി സുന്ദര്‍ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീട്ടില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ എത്തിയത്.

ഇതേസമയത്താണ് കളിപ്പാന്‍കുളത്തെ വാര്‍ഡ് കൗണ്‍സിലര്‍ റസിയാബീഗത്തിന്റെ വീട്ടിലും അക്രമികള്‍ കൊലവിളിയുമായെത്തിയത്. വീടിന്റെ പരിസരത്തുണ്ടായിരുന്ന ബൈക്ക് തകര്‍ത്ത സംഘം വീടിന്റെ ജനല്‍ ഗ്‌ളാസുകള്‍ മുഴുവന്‍ തകര്‍ത്തു. മറ്റൊരു സംഘം ആര്‍എസ്എസ് ക്രിമിനലുകള്‍ മണക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ കയറി.

വീട്ടില്‍ ശിവരഞ്ജിത്ത് ഇല്ലാത്തതിനാല്‍ അച്ഛന്‍ രാജനെ മര്‍ദിച്ചു. അക്രമികള്‍ മടങ്ങുംവഴി മണക്കാട് ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകനായ ശ്യാമിന്റെ തലയ്ക്ക് അടിച്ചുവീഴ്ത്തി. സമീപങ്ങളിലെ സിപിഐഎം പ്രവര്‍ത്തകരുടെ പല വീടുകളിലും രാത്രി ആക്രമണമുണ്ടായി

സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഗൂഡാലോചനയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംഘപരിവാറിന്റെ ഇത്തരം പ്രകോപനങ്ങളെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.ർ

അതേസമയം രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. അക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ നഗരപരിധിയിലാണ് 144 പ്രഖ്യാപിച്ചത്.

അക്രമം വ്യാപിക്കുന്നത് തടയുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. അക്രമിക്കൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News