കാവ്യയുടെ വാദങ്ങള്‍ പൊളിയുന്നു; വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യുമെന്ന് സൂചന. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി കാവ്യയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഡ്രൈവറായി എത്തിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനിലാണ് സുനി എത്തിയത്. ഇതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ പൊലീസിന് മൊഴി നല്‍കിയത്.

കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കാവ്യയെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തത്. ദിലീപിന്റെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ആറു മണിക്കൂറോളമാണ് സംഘം കാവ്യയെ ചോദ്യം ചെയ്തത്. ശേഷം ആലുവ പൊലീസ് ക്ലബില്‍ എത്തിയ അന്വേഷണസംഘം മൊഴി വിലയിരുത്തി. തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്.

ലക്ഷ്യയില്‍ സുനി വന്നോ എന്നത് തനിക്കറിയില്ലെന്നും നടിക്കെതിരായ ക്വട്ടേഷനെക്കുറിച്ചും തനിക്കറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് മറുപടി പറഞ്ഞതെന്നാണ് വിവരങ്ങള്‍. സുനില്‍കുമാറിനെ മുന്‍പരിചയമില്ലെന്ന് പറഞ്ഞ നടി ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായ മറുപടി നല്‍കിയതുമില്ല.

അതേസമയം, ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവ നടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട ശേഷമാണ് ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തിയത്. ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കാവ്യയെ വീണ്ടും ചോദ്യംചെയ്ത ശേഷം ഈ നടിയെയും പൊലീസ് ചോദ്യംചെയ്‌തേക്കും.

ദിലീപ് അറസ്റ്റിലായതിന് ശേഷം കാവ്യയുമായി ഈ നടി രഹസ്യകൂടിക്കാഴ്ച നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂകാംബികയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here