വിനായകന്റെ ആത്മഹത്യ; പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കി കൊലക്കുറ്റം ചുമത്തണമെന്ന് ഡിവൈഎഫ്‌ഐ

തൃശൂര്‍: ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് നീക്കമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. പാവറട്ടി പൊലീസ് സ്റ്റേഷനിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി അകാരണമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുന്ന പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും വിനായകനെ മര്‍ദ്ദിച്ച പാവറട്ടി സ്റ്റേഷനിലെ സിപിഒമാരായ ശ്രീജിത്തിനും സാജനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ബി അനൂപ് ആവശ്യപ്പെട്ടു. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

പെണ്‍ സുഹൃത്തിനോട് സംസാരിച്ചു നിന്ന വിനായകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കസ്റ്റഡിയില്‍ വച്ചിരുന്നു. കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ജൂലൈ 18ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ വിനയാകനെ കണ്ടെത്തുകയായിരുന്നു. വിനായകന് പൊലീസ് മര്‍ദ്ദനം ഏറ്റു എന്ന ബന്ധുക്കളുടെ ആരോപണത്തില്‍ നടന്ന അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഒമാരായ ശ്രീജിത്തിനെയും സാജനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിനായകന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായി. ഇതോടെയാണ് കുറ്റക്കാരായ പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കി കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like