വിശ്വാസം നേടി നിതീഷ് കുമാര്‍

പറ്റ്‌ന:ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസ വോട്ട് നേടി. ജെഡിയുവിന്റെ 71 അംഗങ്ങള്‍ ഉള്‍പ്പെടെ 131 അംഗങ്ങളുടെ പിന്തുണയാണ് നിതീഷിന് ലഭിച്ചത്.108 പേര്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു.

രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കുമൊടുവില്‍ വിശ്വാസവോട്ടെടുപ്പില്‍ നിതീഷ് കുമാറിന് വിജയം. ലാലു പ്രസാദ് യാദവിന്റെ 80 ആര്‍ജെഡി എം.എല്‍.എമാരും 27 കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു സ്വതന്ത്രനും പുതിയ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു. 71 ജെഡിയു എംഎല്‍.എമാരും 58 എന്‍ഡിഎ എം.എല്‍.എമാരും രണ്ട് സ്വതന്ത്രരുമടക്കം പിന്തുണച്ചതോടെ 131 വോട്ട് നേടി നിതീഷ് അധികാരം നിലനിറുത്തി.

243 അംഗ നിയമസഭയില്‍ 122 എന്ന കേവല ഭൂരിപക്ഷം ആശങ്കകളില്ലാതെ നിതീഷ് മറകടന്നു. വിശ്വാസപ്രമേയം സഭയില്‍ അവതരിപ്പിച്ച് സംസാരിച്ച നിതീഷ് കുമാര്‍ ലാലുപ്രസാദ് യാദവിനേയും കുടുംബത്തേയും പരോഷമായി വിമര്‍ശിക്കാനും മറന്നില്ല. അനധികൃത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നവരെ പിന്തുണയ്ക്കാനാകില്ല. എന്നാല്‍ അടിക്കടിയുള്ള രാഷ്ട്രിയ ചാട്ടത്തെക്കുറിച്ച് നിതീഷിന് സ്വയം നാണം തോന്നുന്നില്ലെയെന്ന് മുന്‍ ഉപമുഖ്യമന്ത്രി തേജസി യാദവ് തിരിച്ചടിച്ചു.

ലാലുവിന്റെ കുടുംബത്തിനെതിരായ ആരോപണങ്ങള്‍ അവസരമാക്കി മാറ്റിയ നിതീഷ് എല്ലാം ബിജെപിയുമായി നിശ്ചയിച്ച് ഉറപ്പിച്ചാണ് നാടകം കളിക്കുന്നതെന്നും തേജസ്വി കുറ്റപ്പെടുത്തി. വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതോടെ കൂടുതല്‍ ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ നിതീഷ് കുമാര്‍ ഉടന്‍ തന്നെ പുനസംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News