വേട്ടയാടി വിളയാടണോ; വിക്രംവേദ കാണൂ – റിവ്യൂ

കോളിവൂഡ് അക്ഷരാര്‍ത്ഥത്തില്‍ ചോര വാര്‍ന്നതു പോലായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍.ജിഎസ്ടി അധിക നികുതിയില്‍ പ്രതിഷേധിച്ച് തിയ്യേറ്റര്‍ ഉടമകളും വിതരണക്കാരും അനിശ്ചിത കാല സമരത്തിലേക്ക് പോയി.തദ്ദേശസ്ഥാപനങ്ങള്‍ക്കുളള 30 ശതമാനം നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം തമിഴ് സിനിമാലോകത്തെ പിടിച്ചു കുലുക്കി,രജനീകാന്തും കമല്‍ഹാസനുമടക്കം സര്‍ക്കാരിനെതിരെ രംഗത്തു വന്നു.

മുനിസിപ്പല്‍ നികുതി സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കാമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍ലിക്കപ്പെട്ടു.തമഴ്‌നാട്ടില്‍ സിനിമകള്‍ റിലീസായി. എന്നാല്‍ സമരത്തിന് തൊട്ടു പിന്നാലെയെത്തിയ രണ്ടു ചിത്രങ്ങളും നിരൂപക പ്രശംസ നേടിയിട്ടും തിയ്യേറ്ററുകളില്‍ ആളുകളെ നിറച്ചില്ല. അപ്പോഴാണ് മാധവന്‍ – വിജയ് സേതുപതി ടീമിന്റെ വിക്രംവേദ റിലീസാവുന്നത്.

ഈ കഥ നിങ്ങള്‍ കേട്ടിട്ടുണ്ട്, വിക്രമാദിത്യന്റേയും വേതാളത്തിന്റേയും. അഭിനവ തിരക്കഥയില്‍ അത് മികച്ച പൊലീസുദ്യോഗസ്ഥനും മോശം ഗാങ് ലീഡറുമാകും. മാധവനാണ് വിക്രമെന്ന പൊലീസുദ്യോഗസ്ഥന്‍ വിജയ് സേതുപതിയാണ് വേദയെന്ന ക്രിമിനല്‍. വിക്രമിന്റേയും വേദയുടേയും കളളനും പൊലീസും കളിയാണ് വിക്രം വേദയെന്ന സിനിമ.

മാധവനാണോ വിജയ് സേതുപതിയാണോ മുന്നില്‍ എന്ന് ചോദിക്കരുത്. സര്‍വശക്തനായി വിക്രം അഴിഞ്ഞാടിയയിടത്തേക്കാണ് വേതാളം എത്തുന്നത്. കബാലിയിലെ രജനീ എന്‍ട്രിയെ കടത്തിവെട്ടും ഈ സീന്‍. മാധവനും വിജയ് സേതുപതിക്കുമല്ലാതെ ആര്‍ക്കും ഈ വേഷങ്ങള്‍ ചെയ്യാനാകില്ലെന്ന് പ്രേക്ഷകന്‍ ഉറപ്പിക്കുന്നിടത്താണ് സിനിമയുടെ വിജയം.

മലയാളി ഗാങ്ങ്സ്റ്ററായി ഹരീഷ് പേരടിയും മുഴുനീള വേഷത്തിലുണ്ട്. വരലക്ഷ്മി, ശ്രദ്ധ എന്നിവരാണ് നായികമാര്‍, പക്ഷെ തമിഴ്‌സിനിമകളിലെ സ്ഥിരം നായികാവേഷം മാത്രം. ചിത്രം കൊലമാസാണ്. ത്രില്ലര്‍ ഇഷ്ടപ്പെടുന്നവര്‍ കൈയ്യടിച്ചു കാണും. ഒന്ന് ടൈറ്റായി എഡിറ്റ് ചെയ്തിരുന്നെങ്കില്‍ ഈ വര്‍ഷം വിക്രം വേദയെ വെല്ലാന്‍ തമിഴില്‍ ചിത്രമുണ്ടാകുമായിരുന്നില്ല, അതിന് വേറൊരു സിനിമ ഇനി ജനിക്കണമെന്നത് വേറെ കാര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News