ഗോളില്‍ മഴ കളിക്കുന്നു; ഇന്ത്യയുടെ വിജയ പ്രതീക്ഷയ്ക്കുമേല്‍ കാര്‍മേഘം; എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 365 റണ്‍സിന്റെ ലീഡ്

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അതിശക്തമായ നിലയില്‍. ഒന്നാം ഇന്നിംഗ്‌സില്‍ 600 റണ്‍സെടുത്ത ടീം ഇന്ത്യ എതിരാളികളെ 291 റണ്‍സിന് പുറത്താക്കി. 309 റണ്‍സിന്റെ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചെങ്കിലും മഴ വെല്ലുവിളിയായി എത്തിയിട്ടുണ്ട്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 56 ന് 2 എന്ന നിലയിലെത്തിയപ്പോഴാണ് മഴ വില്ലനായെത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറികളുമായി ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തുപകര്‍ന്ന ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. ധവാന്‍ 14 ഉം പൂജാര 15 റണ്‍സെടുത്താണ് മടങ്ങിയത്. 27 റണ്‍സുമായി ഓപ്പണര്‍ അഭിനവ് മുകുന്ദാണ് ക്രീസിലുള്ളത്.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി തുടര്‍ന്ന ലങ്കയ്ക്ക് 147 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമാവുകയായിരുന്നു. 92 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദില്‍റൂവന്‍ പെരേരയും 83 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസുമാണ് ഇന്ത്യന്‍ ആക്രമണത്തെ കുറച്ചെങ്കിലും ചെറുത്തുനിന്നത്. രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റ് വീഴ്ത്തി.

രണ്ട് ദിവസം ശേഷിക്കെ എട്ട് വിക്കറ്റ് ക‍യ്യിലുള്ള ഇന്ത്യക്ക് 365 റണ്‍സിന്‍റെ ലീഡായിട്ടുണ്ട്. അതേസമയം മ‍ഴ തുടരുകയാണെങ്കില്‍ അത് ഇന്ത്യന്‍ വിജയത്തെ ബാധിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel