അന്ന് അക്കൗണ്ടന്റ് ഇന്ന് സൂപ്പര്‍സ്റ്റാര്‍; ഇതാണ് വിജയ് സേതുപതി

തമിഴരുടെ മാത്രമല്ല, സിനിമാ പ്രേമികളുടെയെല്ലാം മനം കവര്‍ന്ന താരമാണ് വിജയ് സേതുപതി. കൈവച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. തലതൊട്ടപ്പന്മാരൊന്നുമില്ലാതെ തമിഴ് വെള്ളിത്തിരയില്‍ വിസമയിപ്പിക്കുന്ന വിജയ് സേതുപതിയുടെ ജീവിത കഥ ആവേശം നിറയ്ക്കുന്നതാണ്.

സിനിമയെക്കാളും അവിശ്വസനീയത തോന്നുന്ന ജീവിതവിജയമാണ് സേതുപതിയുടേത്. 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി തേടി നാട് വിട്ടിടത്തുന്നിന്നാണ് ആ കഥ തുടങ്ങുന്നത്. ദുബായിയില്‍ ഒരു അക്കൗണ്ടന്റ് ആയി 3 വര്‍ഷം ജോലി നോക്കി. എന്നാല്‍ പണ്ട്മുതലേയുള്ള സിനിമാ ഭ്രാന്ത് മൂത്തതോടെ മണലാരണ്യത്തില്‍ നിന്നും വണ്ടികയറി നാട്ടിലെത്തി. പരിഹാസ ശരങ്ങളുമായാണ് വീട്ടുകാരും നാട്ടുകാരും കുടുബക്കാരും സുഹൃത്തുക്കളുമൊക്കെ വരവേറ്റത്.

അതിനിടയില്‍ പ്രണയ സാഫല്യത്തിനും സേതുപതിയുടെ ജീവിതം സാക്ഷ്യം വഹിച്ചു. പ്രിയസഖി ജെസ്സിയെ ജീവിത പങ്കാളിയാക്കി. പിന്നീട് ഓരോ ദിവസവും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ജീവിതവും ജീവിതപ്രതിസന്ധികളുടെയും മുന്നിലും സിനിമാ മോഹം ഉപേക്ഷിക്കാന്‍ സേതുപതിയ്ക്കായില്ല. ഒടുവില്‍ ‘കൂത്ത് പാട്ടാരൈ’ എന്ന നാടകസംഘത്തില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി. ജീവിക്കാനുള്ള വകയും ഒപ്പം സിനിമയെന്ന സ്വപനത്തോടുള്ള അഭിനിവേശമായിരുന്നു ആ നാടകസംഘത്തിലെ ജോലി.

‘നാളെയിന്‍ യേര്‍കുനാര്‍’ എന്ന സണ്‍ ടി വിയിലെ പരിപാടിയില്‍ നിന്നാണ് വെള്ളിത്തിരയിലെ സുവര്‍ണതാരമായി വിജയ് സേതുപതി പടര്‍ന്നു പന്തലിച്ചത്. ആദ്യഘട്ടത്തില്‍ വെല്ലുവിളികള്‍ നേരിട്ട സേതുപതി പിന്നീട് പതിയെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ‘സുന്ദരപാണ്ടി’യിലെ നെഗറ്റീവ് വേഷം അവിസ്മരണീയമാക്കിയതോടെയാണ് സേതുപതിയുടെ വിജയഗാഥ തുടങ്ങുന്നത്. ‘സുന്ദരപാണ്ടി’യില്‍ നിന്ന് തമിഴ് സിനിമയിലെ താരസിംഹാസനത്തിലേക്ക് സേതുപതി ഉയര്‍ന്നെങ്കില്‍ അത് സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു.

സീനു രാമസ്വാമിയുടെ ‘തേന്മെര്‍ക്ക് പരുവകാറ്റു’ എന്ന ചിത്രത്തിലെ വേഷം മികവുറ്റതാക്കിയതോടെ താരം ദേശീയ ശ്രദ്ധ നേടി. ചിത്രം ദേശീയ അവാര്‍ഡ് നേടുകകൂടി ചെയ്തത് സേതുപതിയുടെ രാശി മാറ്റി. നായക വേഷത്തിലെത്തിയ കാര്‍ത്തിക് സുബരാജിന്റെ ‘പിസ’ വമ്പന്‍ ഹിറ്റായതോടെ തമിഴകത്ത് നിന്നും സേതുപതിയുടെ ഖ്യാതി മലയാളക്കരയിലും ദക്ഷിണേന്ത്യയിലാകെയുമെത്തി.

ഇന്ന് തമിഴകത്ത് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ വിജയ് സേതുപതി വിസ്മയമാണ്. ‘നാനും റൗഡി താന്‍’, ‘കടലും കടന്ത് പോഗും’, ‘കവാന്‍’ തുടങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റായി മാറിയത് സേതുപതിയുടെ താരമൂല്യത്തെ കുത്തനെ വര്‍ദ്ദിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News