സ്ത്രീധന നിരോധന നിയമത്തിന്റെ ദുരുപയോഗം തടയണമെന്ന് സുപ്രീം കോടതി; കുടുംബക്ഷേമ സമതികള്‍ രൂപവത്കരിക്കണം

ദില്ലി: സ്ത്രീധന നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് സുപ്രീം കോടതിയുടെ നീക്കം. സ്ത്രീധനക്കേസുകളിലെ നിജസ്ഥിതി വ്യക്തമാകാതെ അറസ്റ്റോ നടപടിയോ പാടില്ലെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. കേസുകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലും കുടുംബക്ഷേമ സമിതികള്‍ക്ക് രൂപം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന നിരോധന നിയമം വകുപ്പ് 498 A വ്യാപകമായി ദുരുപയോഗിക്കുന്നതായും ഭര്‍ത്താവിനേയും ബന്ധുക്കളേയും കേസില്‍പ്പെടുത്തുന്ന പ്രവണ വര്‍ധിച്ചിവരുന്നതായും കോടതി നിരീക്ഷിച്ചു.
പൊലീസിനും കോടതിയ്ക്കും ലഭിക്കുന്ന പരാതികള്‍ കൈമാറേണ്ടത് കുടുംബക്ഷേമ സമിതികള്‍ക്കാണ്. കുടുംബക്ഷേമ സമിതി ഒരു മാസത്തിനുള്ളില്‍ പരാതിക്കാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശമുണ്ട്. പരാതിയുടെ നിജ സ്ഥിതി കണ്ടെത്തിയ ശേഷം മാത്രമേ കുറ്റക്കാര്‍ക്കെതിരെ നിയമനടപടികളുമായി മുമ്പോട്ടുപോകാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിയമം എന്നിവ വഴി കുറ്റം ചെയ്യാത്തവരുടെ മനുഷ്യാവകാശം ഹനിക്കപ്പെടുന്ന പ്രവണത വര്‍ദ്ധിക്കുകയാണെന്ന് ജസ്റ്റിസുമാരായ എകെ ഗോയല്‍, യുയു ലളിത് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ടുളള പരാതികളില്‍ പലതും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here