ഗൂഢാലോചനകളെല്ലാം പാളി; പി യു ചിത്രയെ ലോകമീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി; ഉത്തരവ് പാലിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി

കൊച്ചി: വിവാദങ്ങള്‍ക്ക് താല്‍കാലിക വിട. പി യു ചിത്രയെ ലോക അത്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ലോക അത്‌ലറ്റിക് മീറ്റിനുള്ള ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ചിത്രയെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഇതോടെ ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ മലയാളി താരത്തിന് പങ്കെടുക്കാനാകുമെന്ന പ്രതീക്ഷ സജീവമായിട്ടുണ്ട്. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. തിങ്കളാ‍ഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഏഷ്യന്‍ ചാമ്പ്യനായ പി യു ചിത്രയെ ലോക മീറ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോടും അത്ലറ്റിക്സ് ഫെഡറേഷനോടുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഹൈക്കോടതിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് ചിത്ര പ്രതികരിച്ചു. അത് ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മെഡല്‍ നേടാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും ചിത്ര പറഞ്ഞു.

അതേസമയം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം അത് ലറ്റിക് ഫെഡറേഷന് നല്‍കുമെന്ന് കായിക മന്ത്രി വിജയ് ഗോയല്‍ പ്രതികരിച്ചു. ഫെഡറേഷനുമായി ചര്‍ച്ച നടത്തുമെന്നും ഉടനടി നടപടിയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രയുടെ മത്സര ഇനമായ 1500 മീറ്റര്‍ മത്സരം ഓഗസ്റ്റ് 4 നാണ് നടക്കുക.

ലോക ചാമ്പ്യന്‍ഷിപ്പിനുള്ള മത്സരാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് നീതിപൂര്‍വമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ചിത്രയെ ത‍ഴഞ്ഞ് ടീമില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്നും കോടതി വ്യക്തമാക്കി. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒറീസയില്‍ നിന്നുള്ള ദ്യുതി ചന്ദ് എന്ന അത്ലലറ്റിനെ ടീമില്‍ എടുത്തെന്ന് ചിത്രയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ദ്യുതിയെ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍  പ്രത്യേക ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയതെന്ന് അത്ലലറ്റിക് ഫെഡറേഷന്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here