മോശം പെരുമാറ്റത്തിന്‍റെ പേരില്‍ കോഹ്‌ലിയും വിവാദത്തില്‍; വീഡിയോ പുറത്തായി

ഗോള്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി വീണ്ടും വിവാദത്തില്‍. കളിക്കളത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ പലപ്പോഴും വിവാദം ക്ഷണിച്ചു വരുത്തിയിട്ടുള്ള കോഹ്‌ലി ഇത്തവണയും പേരുദോഷം മാറ്റിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായപ്പോള്‍ കോഹ്‌ലിയുടെ ചൂടന്‍ പെരുമാറ്റം പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്.

ശ്രീലങ്കയ്‌ക്കെതിരായ ഗോള്‍ ടെസ്റ്റിനിടെയും ചൂടന്‍ പെരുമാറ്റം തന്നെയാണ് ഇന്ത്യന്‍ നായകന് വിനയായത്. ശ്രീലങ്കന്‍ ബാറ്റിംഗിനിടെയാണ് സംഭവം. ഉമേഷ് യാദവിന്റെ പന്ത് ഉപുല്‍ തരംഗ കവറിലൂടെ പായിക്കുകയായിരുന്നു. പിന്നാലെ ഓടിയിട്ടും കോഹ്ലിയെ മറികടന്ന് പന്ത് ബൗണ്ടറി കടന്നു. ഇതോടെയാണ് ഇന്ത്യന്‍ നായകന് നിയന്ത്രണം വിട്ടത്.


ബൗണ്ടറി ലൈന്‍ കടന്ന പന്തെടുക്കാനായി ബോള്‍ ബോയി കുനിഞ്ഞ് കൈനീട്ടുകയായിരുന്നു. എന്നാല്‍ കലിപ്പ് മൂത്ത കോഹ്‌ലി പന്ത് കാലു കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ബോള്‍ ബോയ് കോഹ്‌ലിയുടെ കിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബോള്‍ ബോയ് അവസരോചിതമായി ഒഴിഞ്ഞുമാറിയതിനാല്‍ കോഹ്‌ലിയുടെ തൊഴിയും പന്തും ദേഹത്തുകൊള്ളാതെ രക്ഷപ്പെടുകയായിരുന്നു.

ഇന്ത്യന്‍ നായകന്റെ പക്വതയില്ലാത്ത നടപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുകയും ചെയ്തു. ഇന്ത്യ സമ്പൂര്‍ണ ആധിപത്യം നേടിയ മത്സരത്തില്‍ പോലും നിയന്ത്രണം പാലിക്കാനാകാത്തതെന്തുകൊണ്ടാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം കോഹ്‌ലിയുടെ മോശം പെരുമാറ്റത്തിനെതിരെ ഐ സി സി നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here