മിസോറാം സര്‍ക്കാര്‍ കേരളത്തില്‍ ലോട്ടറി വില്‍ക്കാന്‍ നടത്തിയ നീക്കം നിയമവിരുദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കഴിഞ്ഞ ദിവസവും ഇന്നുമായിട്ടാണ് മിസോറാം സര്‍ക്കാരിന്റെ ലോട്ടറിയുടെ പരസ്യം സംസ്ഥാനത്തെ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ ലോട്ടറി വില്‍പ്പന ചട്ടങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് മിസോറാം സര്‍ക്കാരിന്റേത് എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇത് സംബന്ധിച്ചുള്ള യാതൊരറിയിപ്പും മിസോറാം സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
വില്‍പ്പനക്കായി കേരളത്തില്‍ എത്തിക്കുന്ന ടിക്കറ്റുകളുടെ എണ്ണം, മൂല്യം, വില്‍പ്പനക്കാരുടെയും ഉപ ഏജന്റുമാരുടെയും വിശദാംശങ്ങള്‍, ലോട്ടറി സ്‌കീം എന്നിവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത്തരം നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി സര്‍ക്കാര്‍ സ്വീകരിക്കും. നിയമവിരുദ്ധമായി ലോട്ടറി വില്‍ക്കുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കേരള സര്‍ക്കാരിന്റെ ലോട്ടറി വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് അന്യ സംസ്ഥാന ലോട്ടറി വില്‍ക്കാന്‍ കഴിയില്ല. അത്തരക്കാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള ഏജന്റുമാര്‍ക്ക് നോട്ടീസ് നല്‍കും. നിലവില്‍ മിസോറാം സര്‍ക്കാരിന്റെ നിമയലംഘനം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും മിസോറാം സര്‍ക്കാരിനും കത്തയക്കും. നിയമലംഘനമുണ്ടെങ്കില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News