ചിത്രയ്ക്ക് വേണ്ടി കൈകോര്‍ത്ത് കേരളം; ഹൈക്കോടതി വിധിക്ക് കൈയ്യടിച്ച് മുഖ്യമന്ത്രിയും രംഗത്ത്; നിഷേധിക്കപ്പെട്ട നീതി ചിത്രയ്ക്ക് ലഭിച്ചെന്ന് പിണറായി

തിരുവനന്തപുരം: പി യു ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധിയെ കേരളം ഒരേ മനസ്സാല്‍ സ്വാഗതം ചെയ്തു. രാഷ്ട്രീയ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരെല്ലാം ഹൈക്കോടതിയുടെ ഇടപെടലിനെ പ്രകീര്‍ത്തിച്ചു. വിധി സ്വാഗതാര്‍ഹമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിക്കപ്പെട്ട നീതിയാണ് ചിത്രയ്ക്ക് ലഭിച്ചതെന്നും ചൂണ്ടികാട്ടി.

മികച്ച പ്രകടനം ലോക അത്‌ലറ്റിക് മീറ്റില്‍ ചിത്ര പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായി കായിക വകുപ്പ് മന്ത്രി എ സി മൊയ്തിനും പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും കായിക കേരളത്തിന്റെയും നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറും ദേശിയ അത് ലറ്റിക് ഫെഡറേഷനും അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളവും ഒരേ മനസ്സാല്‍ പറയുന്നതും ഇതു തന്നെയാണ്. അതേസമയം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം അത് ലറ്റിക് ഫെഡറേഷന് നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പ്രതികരിച്ചു. ഫെഡറേഷനുമായി ചര്‍ച്ച നടത്തുമെന്നും ഉടനടി നടപടിയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രയുടെ മത്സര ഇനമായ 1500 മീറ്റര്‍ മത്സരം ഓഗസ്റ്റ് 4 നാണ് നടക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here