തലസ്ഥാനത്ത് ആര്‍എസ്എസ് കലാപം; നഗരത്തില്‍ ഞായറാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തലസ്ഥാനജില്ലയില്‍ ആര്‍എസ്എസ്-ബിജെപി സംഘം വ്യാപക ആക്രമണം അഴിച്ചുവിട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന വീട് ഉള്‍പ്പെടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിരവധി വീടുകള്‍ ആക്രമിച്ചു. പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചും ബോംബെറിഞ്ഞും ആര്‍എസ്എസ് ക്രിമിനല്‍സംഘം അഴിഞ്ഞാടി. ബിജെപി ഉന്നതനേതാക്കളടക്കം നടത്തിയ കോടികളുടെ കോഴ ഇടപാടുകളും അഴിമതികളും പുറത്തുവന്നതോടെ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢനീക്കമാണ് ആക്രമണത്തിനു പിന്നില്‍. ബിജെപി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഞായറാഴ്ച വരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിറ്റി പൊലീസ് പരിധിയിലാണ് നിരോധനാജ്ഞ.

ഒറ്റരാത്രി കൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയത് ഇരുപതോളം വാഹനങ്ങളും ഒരു ഡസനോളം വീടുകളുമാണ്. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിനു വെള്ളിയാഴ്ച പുലര്‍ച്ചെ ബോംബെറിഞ്ഞു. അക്രമം തടയാന്‍ സിറ്റി, റൂറല്‍ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു. അക്രമിസംഘത്തിലെ ആറ് ആര്‍എസ്എസുകാരെ പൊലീസ് പിടികൂടി.

അന്യജില്ലകളില്‍നിന്നുള്ള ക്രിമിനലുകളെ ഇറക്കുമതി ചെയ്ത് ആര്‍എസ്എസ് കാര്യാലയങ്ങളിലും ബിജെപി ഓഫീസുകളിലും തമ്പടിച്ചശേഷമായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രി ബൈക്കുകളില്‍ നഗരത്തിലിറങ്ങിയ അക്രമികള്‍ വീടുകളില്‍ പാഞ്ഞുകയറി കണ്ണില്‍കണ്ടതെല്ലാം തകര്‍ത്തു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുടുംബാംഗങ്ങളെ ആക്രമിച്ചു.

ദിവസങ്ങളായി ഗ്രാമീണമേഖലകളില്‍ തുടരുന്ന അക്രമമാണ് വ്യാഴാഴ്ച രാത്രിയോടെ നഗരത്തിലേക്ക് വ്യാപിപ്പിച്ചത്. വെള്ളിയാഴ്ച പുലരുംവരെ അക്രമം തുടര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന വീട്, സിപിഐഎം ജില്ലാകമ്മിറ്റിഅംഗങ്ങളായ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ് പുഷ്പലത, കരമന ഹരി, ചാല ഏരിയസെക്രട്ടറി എസ് എ സുന്ദര്‍, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷററും കൗണ്‍സിലറുമായ ഐ പി ബിനു, ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണി, കൗണ്‍സിലര്‍ റസിയാബീഗം, മണക്കാട്ടെ സിപിഐഎം അംഗം ശ്യാം തുടങ്ങിയവരുടെ വീടുകള്‍ തകര്‍ത്തു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്യാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശിയുടെ വീട് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന മരുതംകുഴി കൂട്ടാംവിളയിലുള്ള വീടിനുനേരെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പം മിക്കപ്പോഴും രാത്രി കോടിയേരി ഇവിടെയാണ് കഴിയുന്നത്. കുപ്പികളും കല്ലും വലിച്ചെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷം ജനലുകളും കാറും തകര്‍ത്തു.

എസ് പുഷ്പലതയുടെ വീടിന് പെട്രോള്‍ ബോംബെറിഞ്ഞു. ജനലുകള്‍ തകര്‍ന്നു. ഗേറ്റും മുന്‍വശത്തെ കതകും കത്തിച്ചു. കരമന ഹരിയുടെ വീട്ടിലേക്ക് ഏറുപടക്കമെറിഞ്ഞു. കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ ജനറല്‍ ആശുപത്രി ജങ്ഷനിലെ വീട് കല്ലെറിഞ്ഞു തകര്‍ത്തു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസില്‍ കയറി ഒളിച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഓഫീസിലെ രണ്ടു കാറിന്റെ ചില്ല് തകര്‍ന്നു.

മണക്കാട്ട് അനീഷിന്റെ അമ്മയെയും അച്ഛനെയും മര്‍ദിച്ചു. ഓട്ടോയും ബൈക്കും അടിച്ചുതകര്‍ത്തു. ശിവരഞ്ജിത്തിന്റെ വീട് തുടര്‍ച്ചയായി രണ്ടാം ദിവസവും ആക്രമിച്ചു. ഡിവൈഎഫ്‌ഐ പേരൂര്‍ക്കട പാപ്പാട് യൂണിറ്റ് സെക്രട്ടറി അഷ്‌കര്‍, യൂണിറ്റ് അംഗങ്ങളായ ആവണീഷ്, രാഹുല്‍ എന്നിവരുടെ വീടുകളും തകര്‍ത്തു. സിപിഐഎമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും കൊടിമരങ്ങളും പ്രചാരണസാമഗ്രികളും വ്യാപകമായി നശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here