
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പതക്കം കേസില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് വിവാദത്തിലേക്ക്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപനം നടത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുന്‍നിലപാടുകളില്‍ നിന്നും പിന്തിരിഞ്ഞതാണ് പുത്തന്‍ വിവാദത്തിന് ഇടയാക്കിയത്. ജില്ലയില്‍നിന്നുളള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ വ്യക്തിയുടെ ഇടപെടലാണ് നിലപാട് മാറ്റത്തിന് കാരണമെന്നറിയുന്നു.
പതക്കം നഷ്ടപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ബോര്‍ഡിന് കൈമാറിയിരുന്നു. പതക്കത്തിന്റെ സൂക്ഷിപ്പുകാരനായ അഡ്മിനിട്രേറ്റിവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് എസ് പി സമര്‍പ്പിച്ചത്. 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം കൂടുന്ന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുമെന്ന സൂചനയും ബോര്‍ഡ് പ്രസിഡന്റ് നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ കൂടിയ ബോര്‍ഡ് യോഗം കുറ്റക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് അസി കമ്മീഷണറായി സ്ഥാനകയറ്റവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടും ചര്‍ച്ചെക്കെടുത്തില്ല. എന്നാല്‍ സ്ഥലം മാറ്റണമെന്ന് എസ് പി നിര്‍ദ്ദേശിച്ച ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ ബോര്‍ഡ് നടപടി എടുക്കാതിരുന്നതെന്നറിയുന്നു.
ഭഗവാന്റെ പതക്കം കാണാതായ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ രണ്ട് മേല്‍ശാന്തിമാരെ ഈ സംഭവവുമായി ബന്ധപ്പെട്ട് പൂജകളില്‍ നിന്ന് ഒഴിവാക്കിയതാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ച ഏക നടപടി. സംഭവം നടന്ന് അഞ്ചുമാസം പിന്നിട്ടിട്ടും അന്വേഷണം കാര്യക്ഷമമാക്കാന്‍ ബോര്‍ഡ് ഇടപെടാത്തതും ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here