അധ്യാപികയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് സഹപ്രവര്‍ത്തകന്‍; പുറ്റടി ഹോളി ക്രോസ് കോളേജില്‍ വിദ്യാര്‍ഥി പ്രതിഷേധം

ഇടുക്കി: പുറ്റടി ഹോളി ക്രോസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയതോടെയാണ് മാനേജ് മെന്റിന്റെ നടപടി. അധ്യാപികയായ കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ച ഗസ്റ്റ് അധ്യാപകന് എതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.

ജൂലൈ 25നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. കെ.പി കുഞ്ഞിപ്പാലു എന്ന അധ്യാപകനാണ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ഇപ്പോള്‍ അധ്യാപികയുമായ കന്യാസ്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മുന്‍പും ഇയാള്‍ വിദ്യാര്‍ഥിനികളോട് അശ്ലീലച്ചുവയുള്ള വാക്കുകള്‍ പറയാറുണ്ടെന്നും ഭയം മൂലം പുറത്തുപറയാഞ്ഞതാണെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

കോളേജിന്റെ ലീഗല്‍ അഡ്വൈസര്‍ എന്ന രീതിയിലാണ് കുഞ്ഞിപ്പാലുവിനെ മാനേജ്‌മെന്റ് പരിചയപ്പെടുത്തിയത്. എന്നാല്‍ പരാമര്‍ശം വിവാദമായപ്പോള്‍ ഇയാളെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ മാനേജ്‌മെന്റും തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നു എന്ന് അറിഞ്ഞതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ച് സ്ഥലം വിടുകയായിരുന്നു.

വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുമെന്നും സി മാര്‍ക്ക് കുറക്കുമെന്നും ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്നും പിന്മാറ്റാനുള്ള ശ്രമവും മാനേജ്‌മെന്റ് നടത്തി. എത്രയും വേഗം നടപടി എടുക്കാത്ത പക്ഷം വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വനിതഅധ്യാപകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here