പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിലപാട് മാറ്റി അത്‌ലറ്റിക് ഫെഡറേഷന്‍; ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കും; ഹൈക്കോടതി വിധി മാനിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിലപാട് മാറ്റി അത്‌ലറ്റിക് ഫെഡറേഷന്‍. പിയു ചിത്രയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ലോക ഫെഡറേഷന് കത്തയക്കും.

സമയപരിധി കഴിഞ്ഞതിനാല്‍ അനുകൂല നടപടി ഉറപ്പില്ലെന്നും, അത്‌ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും ഫെഡറേഷന്‍ സെക്രട്ടറി സികെ വത്സന്‍ പറഞ്ഞു. താരത്തിനെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ചിത്രയെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ചിത്രക്ക് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചത്. കായിക മേളയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ എല്ലാ വിധ പിന്തുണയും ചിത്രക്ക് നല്‍കുമെന്ന് മന്ത്രി മൊയ്തീന്‍ പറഞ്ഞു.

അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തീരുമാനം നിര്‍ഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫെഡറേഷന്‍ തീരുമാനം തിരുത്തണം. പ്രശ്‌നത്തില്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അടിയന്തിരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ പ്രശ്‌നത്തില്‍ തീരുമാനം ഉണ്ടാകാന്‍ കായികമന്ത്രി നടപടി കൈക്കൊള്ളണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ടീമില്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കത്ത് നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും കത്തയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News