മൈഗ്രേന്‍ നിങ്ങളെ അലട്ടുന്നുവോ? ഇതാ ചില പ്രതിവിധികള്‍

വേദനകളുടെ കാഠിന്യം നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന്‍ അഥവാ കൊടിഞ്ഞി. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍. തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു എന്നതിനാല്‍ ‘അര്‍ധാവ ഭേദകം’ എന്നും ‘ഹെമിക്രേനിയ’ എന്നും മൈഗ്രേന് പേരുണ്ട്.

മിക്കവാറും നെറ്റിയുടെ വശത്ത് നിന്ന് വേദന ആരംഭിക്കുന്നതിനാല്‍ ‘ചെന്നിക്കുത്ത്’എന്നും പറയാറുണ്ട്. മൈഗ്രേന്‍ ഉണ്ടാകുന്നത് വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡിതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേന് വഴിയൊരുക്കുന്നത്.

ശാരീരികവുംമാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രേനിടയാക്കും. മസ്തിഷ്‌കത്തിന് സ്വയം വേദനാനുഭവമില്ല.

എന്നാല്‍ വേദന അറിയുന്ന തന്തുക്കള്‍ നിറഞ്ഞ മസ്തിഷ്‌കത്തിന്റെ ആവരണമായ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കവും വികാസവുമെല്ലാം വേദനയുണ്ടാക്കും. കൂടാതെ കഴുത്തിന്റെ പിന്‍ഭാഗം, തലയുടെ പിറക്ശം, തലച്ചോറിന്റെ അടിവശം തുടങ്ങിയ ഭാഗങ്ങളിലെ ധമനികള്‍ക്ക് ചുറ്റും വേദന അറിയുന്ന തന്തുക്കള്‍ സുലഭമാണ്. രക്തധമനികള്‍ക്കും അതുവഴി തന്തുക്കള്‍ക്കും ഏല്‍ക്കുന്ന ആഘാതങ്ങള്‍ വേദനയായി മാറുന്നു.
ലക്ഷണങ്ങള്‍

മൈഗ്രേന്റെ പ്രധാന ലക്ഷണം ദിവസങ്ങളോ ആഴ്ചകളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദനയാണ്. തലയുടെ വശങ്ങളില്‍ വിങ്ങലുള്ള വേദനയോടെയാണ് മിക്കവരിലും മൈഗ്രേന്‍ തുടങ്ങുക. ഈ ഭാഗത്ത് രക്തക്കുഴലുകള്‍ ശക്തമായി തുടിക്കുന്നത് സ്പര്‍ശിച്ചറിയാനാകും. ചിലരില്‍ കണ്ണിന് ചുറ്റുമായാണ് വേദന തുടങ്ങുക. ഏതാനും സമയംകൊണ്ട് തലവേദന ശക്തിപ്രാപിക്കും. ഇരുണ്ട മുറിയില്‍ കിടക്കാന്‍ താല്‍പര്യം, ഓക്കാനം, ഛര്‍ദി എന്നിവയും കാണാറുണ്ട്.

വേദനയുടെ കാഠിന്യം കുറക്കുന്ന ഭക്ഷണങ്ങള്‍

മൈഗ്രേന്‍ വേദന കുറക്കുന്നവയില്‍ പ്രധാനം ഇഞ്ചിയാണ്.പാകപ്പെടുത്താത്ത ഇഞ്ചിയാണ് കൂടുതല്‍ ഗുണകരം. വേദനക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്രാന്‍സിനുകളെ തടഞ്ഞാണ് ഇഞ്ചി വേദന കുറക്കുന്നത്. കൂടാതെ പുഴുങ്ങിയ ഏത്തപ്പഴം, ഓട്‌സ്, ബദാം കപ്പലണ്ടി, എള്ള്, മത്തി, അയല, ഇലക്കറി, മുഴുധാന്യങ്ങള്‍ ഇവ നല്ല ഫലം തരും. കൃത്യസമയത്ത് വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും മൈഗ്രേന്‍ സാധ്യതയുള്ളവര്‍ ശ്രദ്ധിക്കണം.

ചികിത്സ

ഔഷധങ്ങള്‍ക്കൊപ്പം സ്‌നേഹപാനം, സ്വേദനം, നസ്യം, തളം, ശിരോവസ്തി, ലേപനം, വസ്തി ഇവ അവസ്ഥാനുസരണം നല്‍കുന്നത് മികച്ച ഫലം തരും. ഉചിതമായ തൈലങ്ങള്‍ തലയിലും ഉപയോഗിക്കണം. വേണ്ടത്ര വിശ്രമവും മെച്ചപ്പെട്ട ജീവിതശൈലിയും ചികിത്സയുടെ ഭാഗമാണ്. ഒപ്പം ഉഴുന്ന് വേവിച്ചുടച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, ജീരകക്കഞ്ഞി, ജീരകം ചേര്‍ത്ത് പാല്‍ കാച്ചി കുടിക്കുക, ഇഞ്ചി ചതച്ചിട്ട് വെളളം തിളപ്പിച്ച് കുടിക്കുക തുടങ്ങിയവയും നല്ല ഗുണം തരും. മുക്കൂറ്റി അരച്ച് നെറ്റിയുടെ വശങ്ങളില്‍ പുരട്ടുന്നതും പൂവന്‍ കുറുന്നില നീര് തലയില്‍ തളം വയ്ക്കുന്നതും വേദന കുറയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here