ഇടുക്കി മെഡിക്കല്‍ കോളേജിന്റെ കെട്ടിട നിര്‍മ്മാണം 2018 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കും; ജോയിസ് ജോര്‍ജ് എംപി

ഇടുക്കി മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യയനവര്‍ഷം പുതിയ അഡ്മിഷന്‍ ആംഭിക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിര്‍മ്മാണ ഏജന്‍സിയുടെയും യോഗം തീരുമാനിച്ചു.

ജോയ്സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണ പുരോഗതി വര്‍ക്സൈറ്റില്‍ നേരിട്ട് പരിശോധിച്ചതിന് ശേഷമാണ് കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നത്.

സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2018-19 അധ്യയനവര്‍ഷം പ്രവേശനം അനുവദിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനക്ക് മുമ്പായി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനും ആവശ്യമായ അവലോകനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതിനും യോഗം തീരുമാനിച്ചു.

മെഡിക്കല്‍ കോളേജ് അധികൃതരും നിര്‍മ്മാണ ഏജന്‍സിയും തമ്മില്‍ വേണ്ടത്ര ആശയവിനിമയം ഉറപ്പാക്കുന്നതിനും പ്രശ്നങ്ങള്‍ അപ്പപ്പോള്‍ ജനപ്രതിനിധികളുടെയും കലക്ടറുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി. ഇപ്പോഴുള്ള മൂന്ന് ബാച്ച് തൊഴിലാളികളുടെ എണ്ണം ആഗസ്റ്റ് 17 മുതല്‍ അഞ്ചാക്കി വര്‍ദ്ധിപ്പിക്കാനും ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള ഭരണാനുമതി വേഗത്തിലാക്കാനും ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ പട്ടിക ഉടനെ തയ്യാറാക്കി നല്‍കാന്‍ പ്രിന്‍സിപ്പാളിനോട് യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിനും ട്രൈബല്‍ ഹോസ്റ്റലില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി തയ്യാറാക്കിയ എസ്റ്റിമേറ്റ് ഉടനെ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

അവലോകന യോഗത്തില്‍ ജോയ്സ് ജോര്‍ജ്ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, കിറ്റ്കോ ജനറല്‍ മാനേജര്‍ സുനില്‍ ജോര്‍ജ്ജ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഷാലിമാര്‍ എം.എസ്, ലിസമ്മ സാജന്‍, വി.എ. ജോര്‍ജ്ജ്, അജിത് കെ.കെ, നമ്പാന്‍ വര്‍ഗ്ഗീസ്, ഡി.എം.ഒ ഡോ.ടി.ആര്‍. രേഖ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.പി. മോഹനന്‍, കെ.കെ. ചന്ദ്രദാസ്, ജിബോയ് ജോസ്, രാധാകൃഷ്ണന്‍ പി, ശ്രീരേഖ. കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News