ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; ഇന്ന് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം:ശ്രീകാര്യം കല്ലംപള്ളിയില്‍ വച്ച് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ബിജെപി ഹര്‍ത്താല്‍. ആര്‍എസ്എസ് കാര്യവാഹക് രാജേഷാണ് മരിച്ചത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രാജേഷിന് നേരെ ആക്രമണം ഉണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി പൂര്‍ണമായും അറ്റുപോയിരുന്നു.

സര്‍ക്കാര്‍ പിന്തുണയോടെയുള്ള അക്രമമാണ് നടക്കുന്നതെന്നും സമാധാനയോഗം പോലും സര്‍ക്കാര്‍ വിളിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാനത്ത് ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷമായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here